India
ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു; ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചു; എ.ഐ ഉച്ചകോടി പി.ആര് പരിപാടിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് സംഘടിപ്പിക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഘാടനപിഴവുള്ള പി.ആര് കാഴ്ചയാണ് ഉച്ചകോടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ ഉച്ചകോടിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
‘ഇന്ത്യയുടെ കഴിവും ഡാറ്റയും ഉപയോഗപ്പെടുത്തുന്നതിന് പരം എ.ഐ ഉച്ചകോടിയില്‍ കാണാനാവുന്നത് പി.ആര് കാഴ്ചയാണ്. ഇന്ത്യന്‍ ഡാറ്റ വില്പനയ്ക്കും ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നു’, രാഹുല്‍ എക്സില്‍ കുറിച്ചു.
കഴിഞ്ഞദിവസം ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ പ്രദര്‍ശിപ്പിക്കുകയും ഇക്കാര്യം ചൈനയിലെ മാധ്യമങ്ങള്‍ പരിഹസിക്കുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത പങ്കുവെച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എക്സിലെ ഈ പോസ്റ്റ് പങ്കിട്ടാണ് രാഹുലിന്റെ വിമര്‍ശനം.
Instead of leveraging India’s talent and data, the AI summit is a disorganised PR spectacle – Indian data up for sale, Chinese products showcased. https://t.co/5liaoX0XXp
— Rahul Gandhi (@RahulGandhi) February 18, 2026
എ.ഐയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ രാജ്യത്തെ ലോകത്തിന് മുന്നില്‍ പരിഹാസ പാത്രമാക്കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ചൈനീസ് റോബോട്ട് ഇന്ത്യയുടെതെന്ന് പറഞ്ഞ് പ്രദര്‍ശിപ്പിച്ചത് രാജ്യത്തിന് വലിയ നാണക്കേടാണുണ്ടാക്കിയെന്നും ലജ്ജാകരമാണ് ഈ പ്രവര്‍ത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയാണ് വിവാദത്തിന് കാരണമായ റോബോട്ടിക് ഡോഗിനെ പ്രദര്‍ശനത്തിനെത്തിച്ചത്. സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്സലന്സിയാണ് ഈ റോബോ ഡോഗിനെ നിര്മച്ചതെന്നായിരുന്നു സ്റ്റാളിന് നേതൃത്വം നല്കുന്ന പ്രൊഫ. നേഹ സിങ് അവകാശപ്പെട്ടത്.
എന്നാല്‍, ഓറിയോണ്‍ എന്ന് പേരില്‍ പ്രദര്‍ശിപ്പിച്ച ഈ റോബോട്ടിക് ഡോഗ് യഥാര്‍ത്ഥത്തില്‍ ചൈന നിര്‍മിച്ച യൂണിട്രീ Go2 ആണെന്ന് തെളിഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയോട് എ.ഐ എക്സ്പോയിലെ സ്റ്റാള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. പവലിയനില്‍ ഇവരുടെ സ്റ്റാളിലേക്കുള്ള വൈദ്യുതി തടസപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച ആരംഭിച്ച ഉച്ചകോടിയില്‍ തുടക്കം മുതല്‍ തിക്കുതിരക്കും സംഘാടന പിഴവും വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമവും അനുഭവപ്പെട്ടിരുന്നു.
പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയവരും സ്ഥാപന ഉടമകളും പ്രദര്‍ശനം കാണാനെത്തിയവരുമെല്ലാം ഒരുപോലെ ദുരിതത്തിലായ പരിപാടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
Content Highlight: Chinese products displayed; India’s data put up for sale; AI Impact Summit a PR event, says Rahul Gandhi




