20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

Date:



Kerala


നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് മാറ്റം.

ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ.കെ. ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയോഗിച്ചു. കൂടാതെ, തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചു.

ഹണി വര്‍ഗീസിന്റേത് സ്വാഭാവികമായ സ്ഥലംമാറ്റമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ജഡ്ജി ഹണി വര്‍ഗീസ് രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു.

കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെയാണ് വിമര്‍ശനം നേരിട്ടത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷാവിധി പുറപ്പെടുവിച്ചതിലും ഹണി എം. വര്‍ഗീസ് വിമര്‍ശനം നേരിട്ടിരുന്നു.

കടുത്ത സൈബര്‍ ആക്രമണത്തിനും ജഡ്ജി ഇരയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ഹണി എം. വര്‍ഗീസിനെതിരെ സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ ജഡ്ജി സംശയനിഴലിലാണെന്നും വിധി പറയാന്‍ ജഡ്ജിക്ക് അവകാശമില്ലെന്നുമായിരുന്നു നിയമോപദേശം.

ഡയറക്ടര്‍ ജനറല്‍ ഓഫ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. ദിലീപിനെതിരെ ഗൗരവമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അവ പക്ഷപാതത്തോടെ തള്ളിയെന്നും എഴുതിയത് ദിലീപിനെ വെറുതെ വിടാന്‍ വേണ്ടിയുള്ള വിധിയാണെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

മുന്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിയ്ക്കും കേസിലെ വിധിയുടെ വിശദാംശങ്ങളുള്ള ഊമക്കത്ത് ലഭിച്ചതിലും ഹണി എം. വര്‍ഗീസിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.

ഹണി എം. വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെ കൊണ്ടാണ് വിധി തയ്യാറാക്കിയതെന്നും ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തുമായി ചേര്‍ന്ന് കച്ചവടം ഉറപ്പിച്ചെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു.

Content Highlight: Judge Honey M. Varghese transferred




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related