ശബരിമല സ്വര്‍ണക്കൊള്ള; എ പത്മ കുമാറിന് സ്വാഭാവിക ജാമ്യം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ എ. പത്മ കുമാറിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കട്ടിള പാളി കേസില്‍ റിമാന്‍ഡ് ചെയ്ത് 90 ദിവസം കഴിഞ്ഞതിനാല്‍ തനിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്മ കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ദ്വാരപാലക കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മ കുമാറിന് ഉടന്‍ പുറത്തിറങ്ങാനാവില്ല. എന്നാല്‍ ഒരാഴ്ച്ചക്കകം ഈ കേസിലും അദ്ദേഹം 90 ദിവസം പിന്നിടും.
2025 നവംബര്‍ 20 നാണ് കട്ടിളപാളികേസില്‍ എ. പത്മ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ റിമാന്‍ഡിലിക്കെ ദ്വാരപാലക കേസിലും എസ്.ഐ.ടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 31 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
ഇതോടെ സ്വര്‍ണ കൊള്ള കേസില്‍ ആറാമത്തെ പ്രതിയാണ് ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുന്നത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍. വാസുവും അടക്കമുള്ളവര്‍ നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. നാല്പത്തിയൊന്നാം ദിവസം തന്ത്രിക്കും ജാമ്യം ലഭിച്ചിരുന്നു. തന്ത്രി കണ്‍ഠരര് രാജീവര്‍ക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യ വിധിയില്‍ കോടതി പരാമര്‍ശിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായുള്ള ബന്ധം പിന്നീട് സ്വര്‍ണക്കൊള്ളയിലേക്ക് എത്തിച്ചുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കിയിരുന്നു.




