India
യു.എസുമായുള്ള വ്യാപാര കരാര്‍ മോദി അടിയന്തരമായി റദ്ദാക്കണം; യു.എസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ സി.പി.ഐ.എം
ന്യൂദല്‍ഹി: യു.എസുമായുള്ള വ്യാപാര കരാര്‍ ഇന്ത്യ അടിയന്തരമായി റദ്ദാക്കണമെന്ന് സി.പി.ഐ.എം.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ റദ്ദാക്കി കൊണ്ടുള്ള യു.എസ് സുപ്രീം കോടതിയുടെ നടപടിക്ക് പിന്നാലെയാണ് സി.പി.ഐ.എമ്മിന്റെ പ്രസ്താവന.
കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന ഭീഷണികളുടെ നിയമപരമായ അടിത്തറയെയാണ് ഈ വിധി തകര്‍ത്തെന്നും യു.എസ് സുപ്രീം കോടതിയില്‍ നിന്നും ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിട്ടും ഇന്ത്യയുടെ താത്പര്യങ്ങള്‍ പണയപ്പെടുത്തി മോദി എന്തിന് ഈ കരാറില്‍ ഒപ്പിട്ടുവെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ചോദിച്ചു. മോദി ഗവണ്മെന്റ് ഈ കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരപരിധി ലംഘിച്ചുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി ചുമത്തിയ തീരുവ യു.എസ് സുപ്രീം കോടതി റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സണ്‍ വിധി പുറപ്പെടുവിച്ചത്. ദേശീയ അടിയന്തിരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് അധിക താരിഫുകള്‍ ചുമത്തിയതെന്നും കോടതി പറഞ്ഞു.
നികുതികള്‍ ചുമത്താന്‍ യു.എസ് ഭരണഘടന പ്രസിഡന്റിന് അധികാരം നല്‍കുന്നില്ല. യു.എസ് കോണ്‍ഗ്രസിനാണ് നികുതികളും താരിഫുകളും ചുമത്താന്‍ അധികാരമുള്ളത്. എന്നാല്‍ ട്രംപ് താരിഫുകളെ സാമ്പത്തിക-വിദേശനയ ഉപകരണമാക്കിയെന്നും കോടതി നിരീക്ഷിച്ചു.
തീരുവ ഏര്‍പ്പെടുത്താത്ത പക്ഷം യു.എസ് തകരുമെന്ന് അവകാശപ്പെട്ടായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍. യു.എസില്‍ ഇറക്കുമതി ചെയ്യുന്ന വിദേശ ഉത്പന്നങ്ങള്‍ക്കാണ് ട്രംപ് അധിക തീരുവ ചുമത്തിയത്. ട്രംപിന്റെ ഈ നടപടിക്കെതിരെ ആഗോള സമൂഹം പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.എസ് സുപ്രീം കോടതിയുടെ വിധി.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്. എന്നാല്‍ ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി തുടര്‍ന്നതോടെ 25 ശതമാനം അധിക തീരുവയും ഏര്‍പ്പെടുത്തിയിരുന്നു.
ഇത് 18ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇന്ത്യ-യു.എസ് വ്യാപാരകരാര്‍ ഉണ്ടാക്കിയതായി ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പകരമായി അമേരിക്കന്‍ വ്യാവസായിക ഉത്പന്നങ്ങള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഇന്ത്യ വിപണി തുറന്നു കൊടുക്കുമെന്നും 500 ബില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നുമെന്ന് ഉള്‍പ്പടെയായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യു.എസിന് വിറ്റുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സി.പി.ഐ.എം നേതവ് പ്രകാശ് കാരാട്ട് പ്രതികരിച്ചു.
Content Highlight: Modi should immediately cancel trade deal with US; CPI(M) after US Supreme Court verdict
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




