22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

വിദേശികള്‍ക്ക് മുന്നില്‍ രാജ്യത്തെ നാണംകെടുത്തി; എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തെ തള്ളി സഖ്യ കക്ഷികള്‍

Date:



India


വിദേശികള്‍ക്ക് മുന്നില്‍ രാജ്യത്തെ നാണംകെടുത്തി; എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തെ തള്ളി സഖ്യ കക്ഷികള്‍

ന്യൂദല്‍ഹി: എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍.

ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു വേദിയില്‍ അര്‍ധ നഗ്നമായി, ഷര്‍ട്ടില്ലാതെ പ്രതിഷേധിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷത്തിലെ പ്രധാനകക്ഷികളെല്ലാം വിമര്‍ശനം ഉന്നയിച്ചു.

വെള്ളിയാഴ്ചയാണ് ഭാരത് മണ്ഡപത്തില്‍ നടന്ന എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതതിരെ മുദ്രാവാക്യം വിളിച്ചും മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളുള്ള ടീഷര്‍ട്ടുകള്‍ ഊരി ഉയര്‍ത്തിക്കാണിച്ചുമായിരുന്നു എ.വൈ.സി പ്രവര്‍ത്തകരായ ഒരു കൂട്ടം യുവാക്കളുടെ പ്രതിഷേധം.

ടീഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ച് ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ എന്നും എപ്സ്റ്റീന്‍ ഫയല്‍സ്, പ്രധാനമന്ത്രി മുട്ടുമടക്കി തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ വേദിയിലേക്ക് കയറിയത്.

പ്രതിഷേധത്തെ തള്ളിക്കൊണ്ട്, വിദേശത്ത് നിന്നുള്ള പ്രതിനിധികളുടെയും ലോക രാജ്യങ്ങളുടെയും മുന്നില്‍ രാജ്യത്തിന് നാണക്കേട് വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു.

ഈ പ്രതിഷേധത്തില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കണമായിരുന്നു. ആഭ്യന്തരമായി രാജ്യത്തിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, ആഗോള വേദിയില്‍ കോണ്‍ഗ്രസ് ചെയ്തത് ശരിയായില്ലെന്നും അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ധനഗ്നമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസെന്ന് അവകാശപ്പെടുന്നവരുടെ പ്രതിഷേധം തീര്‍ത്തും അനുചിതമായി പോയി. എ.ഐ ഇംപാക്ട് പോലുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പരിപാടിയില്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത് രാജ്യത്തിന്റെ അന്തസിനും പ്രതിഛായയ്ക്കും കളങ്കം വരുത്തി.

ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിരുന്നു ഉചിതം. പ്രതിഷേധത്തെ അപലപിക്കുന്നെന്നും ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. എക്‌സിലൂടെയായിരുന്നു യു.പിയില്‍ നിന്നുള്ള നേതാവിന്റെ പ്രതികരണം.

പ്രതിഷേധത്തിനായി മറ്റൊരു മാര്‍ഗം സ്വീകരിക്കാമായിരുന്നെന്ന് ആര്‍.ജെ.ഡി എം.പി മനോജ് കുമാര്‍ ഝാ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ പരാതികള്‍ നിരവധിയുണ്ട്. എന്നാല്‍, ഈ ആശങ്കകള്‍ പരിഹരിക്കുന്നതിന് മറ്റൊരു വഴി തേടാമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം കുറച്ചുകൂടി ഉത്തരവാദിത്തത്തോടുകൂടിയുള്ളത് ആകാമായിരുന്നു.

ഇത് അത്തരത്തിലാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. മുമ്പ് ബി.ജെ.പിയും സമാനമായ രീതിയില്‍ പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ആര് തന്നെ പ്രവര്‍ത്തിച്ചാലും അത് ശരിയല്ല. ആശങ്കകളൊക്കെ ആര്, എവിടെ, എങ്ങനെ പ്രകടിപ്പിക്കുന്നു എന്ന കാര്യത്തില്‍ കുറച്ചുകൂടി ഓപ്ഷനുകള്‍ ഉണ്ടായിരുന്നുവെന്നും ആര്‍.ജെ.ഡി എം.പി പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് എല്ലാവരേയും ലജ്ജിപ്പിച്ചുവെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മേധാവി വൈ.എസ്. ജഗമോഹന്‍ റെഡ്ഡി പ്രതികരിച്ചു.

‘എ.ഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് എല്ലാവരേയും നാണംകെടുത്തി. നമ്മുടെ രാഷ്ട്രീയലോകം എങ്ങോട്ടാണ് പോകുന്നത്. ആരായാലും സ്വന്തം രാജ്യത്തെ ഒരിക്കലും താഴ്ത്തിക്കെട്ടരുതായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ലോകത്തിന് മുന്നില്‍ ഐക്യത്തിലാണെന്ന പ്രതിഛായയാണ് അവതരിപ്പിക്കേണ്ടത്,’ ജഗന്‍ മോഹന്‍ പറഞ്ഞു.

ബി.ജെ.പി കോണ്‍ഗ്രസിനെ രാജദ്രോഹികളെന്ന് വിളിച്ച് അവഹേളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തോട് പ്രതികരിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഉന്നതരായ രാജ്യദ്രോഹികളാണ്. രാജ്യത്തിന് ഏറ്റവും വലിയ ദ്രോഹമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പുരോഗതിയും സന്തോഷവുമെല്ലാം കോണ്‍ഗ്രസ് നശിപ്പിക്കും.

ടോപ്‌ലെസായ, ബ്രെയിന്‍ലെസായ നാണംകെട്ടവരാണ് കോണ്‍ഗ്രസുകാരെന്ന് ബി.ജെ.പി എം.പി സംബിത് പത്ര കുറ്റപ്പെടുത്തി.

Content Highlight: The country was embarrassed in front of foreigners; Allies reject Congress’ protest at AI summit




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related