Kerala
നിശ്ചയിച്ച തീയതില്‍ മാറ്റമില്ലെന്ന് പി.എം.എ സലാം; ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം ഫെബ്രുവരി 28ന്
മലപ്പുറം: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം ഫെബ്രുവരി 28ന്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമാണ് ഇക്കാര്യം അറിയിച്ചത്.
‘തീയതിയില്‍ മാറ്റമില്ല. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 28ന് തന്നെ നടക്കും,’ എന്ന് പി.എം.എ സലാം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
യു.ഡി.എഫ് പ്രഖ്യാപിച്ച വീടുകള്‍ എവിടെയെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പി.എം.എ സലാമിന്റെ പ്രതികരണം.
ശനിയാഴ്ച നാല് മണിയോടെയാണ് വീടുകളുടെ താക്കോല്‍ ദാനം നടക്കുക. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ 51 വീടുകള്‍ കൈമാറും. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് തൃക്കൈപ്പറ്റയിലാണ് ലീഗിന്റെ പുനരധിവാസ പദ്ധതി.
11.5 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ ഉയരുന്നത്. 1100 സ്‌ക്വയര്‍ ഫീറ്റിലാണ് ഓരോ വീടുകളും. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് ലീഗ് പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുത്തത്.
‘സ്‌നേഹ ഭവനങ്ങളുടെ സമര്‍പ്പണം’ എന്ന പേരിലാണ് ചടങ്ങ് നടക്കുക. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 105 വീടുകളാണ് ലീഗ് നിര്‍മിക്കുന്നത്.
കഴിഞ്ഞ ദിവസം പി.എം.എ സലാം, പി.കെ. ബഷീര്‍, പി.കെ. ഫിറോസ്, അടക്കമുള്ള ലീഗ് നേതാക്കള്‍ തൃക്കൈപ്പറ്റയില്‍ എത്തിയിരുന്നു. വരുന്ന നാല് മാസത്തിനുള്ളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി.എം.എ സലാം വ്യക്തമാക്കിയിരുന്നു.
നേരത്തെ ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍ വീടുകളുടെ നറുക്കെടുപ്പ് നടന്നിരുന്നു. താക്കോല്‍ദാന ചടങ്ങില്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം.
Content Highlight: PMA Salam says there will be no change in the set date; Handover of keys of houses built by the League on February 28th
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




