ഇനി അതിവേഗം; വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിന് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ്
തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഫൈനല്‍ ക്ലിയറന്‍സ്. തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
‘അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ,’ മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
പദ്ധതി നടപ്പിലാകുന്നതോടെ കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും. കൂടാതെ താമരശേരി ചുരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനും പരിഹാരമാകും.
കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡാണ് തുരങ്കപാതയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 60 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്നാണ് നിര്‍വഹണ ഏജന്‍സിയുടെ വിലയിരുത്തല്‍.
കിഫ്ബി പദ്ധതിയില്‍ 2134.5 കോടി രൂപ ചെലവില്‍ നാലുവരിയിലാണ് പാതയുടെ നിര്‍മാണം. വയനാട്ടില്‍ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. മാത്രമല്ല, ഇതില്‍ 8.1 കിലോമീറ്റര്‍ ഇരട്ട ടണലുമാണ്.
ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്-വയനാട് ജില്ലകളെ സംയോജിപ്പിച്ച് നിര്‍മിക്കാനിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍കൊണ്ട് മേപ്പടിയില്‍ എത്താന്‍ കഴിയും.
Content Highlight: Final clearance from the Center for the construction of the Wayanad-Kozhikode tunnel
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ




