24
February, 2026

A News 365Times Venture

24
Tuesday
February, 2026

A News 365Times Venture

കലാപശ്രമം; എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്

Date:



India


കലാപശ്രമം; എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്

ന്യൂദല്‍ഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി ദല്‍ഹി പൊലീസ്. കലാപശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്ന മറ്റു കുറ്റകൃത്യങ്ങളും എഫ്.ഐ.ആറിലുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുവായ ഉദ്ദേശത്തോട് കൂടിയ അക്രമം, ക്രിമിനല്‍ ഗൂഢാലോചന, പൊതുപ്രവര്‍ത്തകനെ കൃത്യനിര്‍വഹണത്തില്‍ നിന്നും തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് നേരത്തെ ചുമത്തിയിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയഭാനു ചിബ് അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി. എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ഇന്ന് (ചൊവ്വ) രാവിലെയോടെ അറസ്റ്റിലായ ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടു.

പ്രതിഷേധത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസ് വാദം. കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നും റെയ്ഡ് തുടരുമെന്നും പൊലീസ് പ്രതികരിച്ചു.

വിശിഷ്ട വ്യക്തികളും പ്രതിനിധികളും സന്ദര്‍ശകരും പങ്കെടുത്ത അന്താരാഷ്ട്ര വേദിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്ന് സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നേതാക്കളെ ആക്രമണകാരികള്‍ എന്നാണ് കമ്മീഷണര്‍ വിശേഷിപ്പിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന് പിന്നാലെ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കേസിലെ മുഖ്യപ്രതികളെ സഹായിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ദേവേഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു.

പ്രതികളെ പിടികൂടുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ആശയവിനിമയം നടത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു. ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നതിനായി കേസ് ക്രൈംബ്രാഞ്ചിന്റെ ഇന്റര്‍-സ്റ്റേറ്റ് സെല്ലിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് എ.ഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധം രേഖപ്പെടുത്തിയത്.

എപ്സ്റ്റീന്‍ ഫയല്‍സില്‍ മോദിയുടെ പേരുള്‍പ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരുടെ കൈയില്‍ മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രം പതിച്ച ടീഷര്‍ട്ടും ഉണ്ടായിരുന്നു.

Content Highlight: Riot attempt, Police charge serious charges against those arrested during AI summit protest

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related