Donald Trump
ഡ്രില്‍ ബേബി ഡ്രില്‍ നയം എണ്ണ ഉത്പാദനം കൂട്ടി; വെനസ്വേല യു.എസിന്റെ പുതിയ സുഹൃത്ത്: ട്രംപ്
വാഷിങ്ടണ്‍: യു.എസിന്റെ വര്‍ധിച്ചുവരുന്ന എണ്ണ ഉത്പാദനത്തിന് കാരണം തന്റെ ഡ്രില്‍ ബേബി ഡ്രില്‍ നയമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വെനസ്വേല യു.എസിന്റെ പുതിയ സുഹൃത്തും പങ്കാളിയുമാണെന്നും ട്രംപ് വിശേഷിപ്പിച്ചു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ വര്‍ധനവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വര്‍ഷത്തെ സ്റ്റേറ്റ് ഓഫ് ദി യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
വെനസ്വേലയില്‍ നിന്ന് മാത്രം അമേരിക്ക 80 ദശലക്ഷം ബാരലിലധികം എണ്ണ ലഭിച്ചു. തന്റെ വിശാലമായ നീക്കമാണ് അതിന് സഹായിച്ചതെന്നും ജനുവരിക്ക് ശേഷം വെനസ്വേലയുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു.
‘ഡ്രില്‍ ബേബി ഡ്രില്‍ എന്ന എന്റെ പോളിസി ഞാന്‍ പാലിച്ചതിനാല്‍ അമേരിക്കയുടെ പ്രകൃതിവാതക ഉത്പാദനം എക്കാലത്തേയും ഉയര്‍ന്നനിലയിലെത്തി. അമേരിക്കയിലെ എണ്ണ ഉത്പാദനം പ്രതിദിനം 600000 ബാരലിലധികം വര്‍ധിച്ചു,’ ട്രംപ് പറഞ്ഞു.
യു.എസിലെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില ഗാലണിന് 2.30 ഡോളറിന് താഴെയായി കുറഞ്ഞന്നെന്നും ട്രംപ് അവകാശപ്പെട്ടു. വെനസ്വേലന്‍ ഭരണാധികാരി നിക്കോളാസ് മഡുറോയെയും പങ്കാളിയെയും യു.എസ് തടവിലാക്കിയതിന് പിന്നാലെയാണ് പുതിയ എണ്ണ വ്യാപാര കരാര്‍ പ്രാബല്യത്തിലാക്കിയത്.
അതേസമയം, വെനസ്വേലയില്‍ നിന്നും ലഭിച്ചത് 30 ദശലക്ഷം ബാരലോളം എണ്ണ മാത്രമാണെന്ന് വ്യവസായ ട്രാക്കര്‍മാര്‍ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി മധ്യത്തോടെ യു.എസിലേക്ക് വെനസ്വേലയില്‍ നിന്നും എണ്ണ കയറ്റുമതി പുനരാരംഭിച്ചിരുന്നു. എങ്കിലും മറ്റ് രാജ്യങ്ങളിലേക്കടക്കം കയറ്റിയയച്ച എണ്ണയുടെ കണക്കായിരിക്കാമിതെന്നാണ് നിഗമനം.
ജനുവരിയില്‍ പുറത്തുവന്ന വിതരണ കരാറിന്റെ കീഴില്‍ യു.എസിലും ഇന്ത്യയിലും യൂറോപ്പിലുമായി വിതരണം ചെയ്തത് 22 ദശലക്ഷം മുതല്‍ 25 ദശലക്ഷം വരെ എണ്ണയാണെന്ന് യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പുറത്തുവിട്ട രേഖകള് സൂചിപ്പിക്കുന്നു.
Content Highlight: Drill Baby Drill Policy Increases Oil Production; Venezuela is US’s New Friend: Trump
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




