അരവല്ലി സംരക്ഷണം; വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
ദൽഹി: അരവല്ലി മലനിരകളുടെ അതിർത്തി നിർണയിക്കുന്നതിനും അവയെ കൃത്യമായി നിർവചിക്കുന്നതിനുമായി പുതിയൊരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സമിതിയിലേക്ക് വനം-പരിസ്ഥിതി മേഖലകളിലെ വിദഗ്ധരുടെ പേരുകൾ ഉൾപ്പെടുത്താനും കോടതി നിർദ്ദേശിച്ചുണ്ട്. നേരത്തെ100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളെ അരവല്ലി പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള മാനദണ്ഡം വലിയ വിവാദമായിരുന്നു.
ഇത്തരം ഉയരം കുറഞ്ഞ കുന്നുകളെ ഒഴിവാക്കുന്നത് ഖനന മാഫിയകളെ സഹായിക്കുമെന്നും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്നും ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായ പഠനത്തിലൂടെ അരവല്ലി മലനിരകളുടെ പരിധി നിശ്ചയിക്കാൻ കോടതി തീരുമാനിച്ചത്.
പുതിയ സമിതി രൂപീകരിക്കുന്നത് വരെ ഈ മേഖലയിലെ ഖനന നിരോധനം തുടരുമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ദൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അരവല്ലി മലനിരകൾ താർ മരുഭൂമിയുടെ വ്യാപനം തടയുന്ന സ്വാഭാവിക മതിലാണ്. ഉയരം കുറഞ്ഞ കുന്നുകളെ സംരക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഖനന മാഫിയകൾക്ക് പുറമെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളും ഈ പ്രദേശം കൈക്കലാക്കാൻ സാധ്യതയുണ്ടെന്നാണ് ഹരജി നൽകിയവരുടെ പക്ഷം.
വടക്കേ ഇന്ത്യയിലെ മരുഭൂവൽക്കരണം തടയുന്നതിലും ദൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ വായു ഗുണനിലവാരം നിലനിർത്തുന്നതിലും അരവല്ലി മലനിരകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
അതിനാൽ തന്നെ ചെറിയ കുന്നുകളെ സംരക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതി ഭയപ്പെടുന്നു. കേസ് മാർച്ച് 10-ന് വീണ്ടും പരിഗണിക്കും.
Content Highlight: SC asks Centre to suggest names of experts for panel to re-examine definition of Aravalli Hills




