India
കേരള സ്റ്റോറി 2: അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം; ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: കേരള സ്‌റ്റോറി 2 സിനിമയുടെ പ്രദര്‍ശനം തടയുന്നതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസിന് സ്ഥാനക്കയറ്റം. കേരള ഹൈക്കോടതി ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരിക്കാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ വിരമിക്കുന്നതിന് പിന്നാലെ മാര്‍ച്ച് ആറിന് ധര്‍മാധികാരി സ്ഥാനമേല്‍ക്കും.
ദി കേരള സ്റ്റോറി 2- ഗോസ് ബിയോണ്ട് എന്ന സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യാഴാഴ്ച ഉച്ചയോടെ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
റിലീസ് തടയുന്നത് കേരള സ്റ്റോറി 2 നിര്‍മാതാവിനെ സാമ്പത്തികമായി തകര്‍ക്കുമെന്നും കേരളത്തേയോ ഏതെങ്കിലും മതത്തേയോ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.
ഈ അപ്പീലുകള്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ധര്‍മാധികാരി. അപ്പീലില്‍ വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂറോളം വാദം കേട്ട ശേഷം ജസ്റ്റിസ് ധര്‍മാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങുന്ന ബെഞ്ച് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.
സിനിമയുടെ സര്‍ട്ടിഫിക്കേഷനെ എതിര്‍ക്കുന്ന ഹരജികള്‍ പൊതുതാപര്യ ഹരജികളുടെ സ്വഭാവത്തിലുള്ളതാണെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജിക്ക് എങ്ങനെ വാദം കേള്‍ക്കാനാകുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദ്യം ചെയ്തിരുന്നു.
വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ ആവശ്യവും ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. അപ്പീല്‍ ഉത്തരവിനായി മാറ്റുകയും ചെയ്യുകയായിരുന്നു.
Content Highlight: Kerala Story 2: High Court judge who considered producers’ appeal is now Chief Justice of Madras High Court
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




