27
February, 2026

A News 365Times Venture

27
Friday
February, 2026

A News 365Times Venture

ആശുപത്രിയുടെ പേര് നിലനിര്‍ത്താന്‍ സിസേറിയന്‍ നടത്തിയില്ല; നവജാത ശിശു മരിച്ച സംഭവത്തില്‍ കൊച്ചി കിന്‍ഡര്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

Date:



Kerala


ആശുപത്രിയുടെ പേര് നിലനിര്‍ത്താന്‍ സിസേറിയന്‍ നടത്തിയില്ല; നവജാത ശിശു മരിച്ച സംഭവത്തില്‍ കൊച്ചി കിന്‍ഡര്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

കൊച്ചി: പത്ത് ദിവസം പ്രായമായ നവജാത ശിശു മരിച്ച സംഭവത്തില്‍ കൊച്ചി പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സുഖപ്രസവത്തിന്റെ പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ആശുപത്രി സുഖപ്രസവം നടക്കാത്ത സാഹചര്യത്തിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാന്‍ ശ്രമിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടെന്നാണ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

എറണാകുളം ചളിക്കവട്ടം സ്വദേശികളായ റൊമാരിയോ-അലീന ദമ്പതികളുടെ പെണ്‍കുഞ്ഞിന്റെ മരണത്തിലാണ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കുഞ്ഞ് മഷി വിഴുങ്ങിയെന്ന് വ്യക്തമായിട്ടും കൃത്യ സമയത്ത് സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാത്തതും പ്രസവ ശേഷം കുഞ്ഞിന് ചികിത്സ നല്‍കാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നോര്‍മല്‍ ഡെലിവറി പഴങ്കഥയല്ലെന്ന പരസ്യവാചകം പ്രദര്‍ശിപ്പിച്ച ആശുപത്രി അവരുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി സിസേറിയന്‍ നടത്താന്‍ വിസമ്മതിച്ചെന്നാണ് പ്രധാന ആരോപണം. ആശുപത്രിയില്‍ അനസ്‌തേഷ്യ ഡിപ്പാര്‍ട്‌മെന്റില്ലെന്നും സിസേറിയന്‍ നടത്തേണ്ടി വന്നാല്‍ മറ്റൊരു ആശുപത്രിയെ ആശ്രയിക്കേണ്ടി വരുമെന്നതിനാലാണ് സിസേറിയന്‍ നടത്താത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അലീനയെ ഫെബ്രുവരി 15ന് പ്രസവത്തിനായി ആശുപത്രിയിലെത്തിക്കുകയും ഫെബ്രുവരി 16ന് പ്രസവം നടക്കുകയും ചെയ്തിരുന്നു. അന്നുതന്നെ കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ആസ്റ്റര്‍ മെഡ് സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 26ാം തീയതി കുഞ്ഞ് മരണപ്പെട്ടത്.

പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മഷി ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും വ്യക്തമായിരുന്നു. ഇതോടെ കുടുംബം കുഞ്ഞിന്റെ മൃതദേഹവുമായി കിന്‍ഡര്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

16ാം തീയതി പുലര്‍ച്ചെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ മഷി പോയെന്ന് വ്യക്തമായിട്ടും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തില്ല. പിന്നീട് 11 മണി വരെ സുഖപ്രസവം നടക്കുന്നതിനായി കാത്തിരുന്നു. തുടര്‍ന്ന് വാക്വം ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തനിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ സുഖപ്രസവം സാധ്യമാകില്ലെന്ന് ഒരു ഘട്ടത്തില്‍ വ്യക്തമായതാണെന്നും തുടര്‍ന്ന് സി സെക്ഷനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ നിരവധി തവണ താന്‍ കിന്‍ഡര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അപേക്ഷിച്ചിരുന്നെന്നും കുഞ്ഞിന്റെ മാതാവ് അലീന പറഞ്ഞു.

എന്നിട്ടും അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. ആ സമയത്തും സുഖപ്രസവം നടക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനാണ് അധികൃതര്‍ ശ്രമിച്ചതെന്നും ആറ് മണിക്കൂറിന് ശേഷമാണ് പ്രസവം നടന്നതെന്നും അലീന പറഞ്ഞു.

പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വ്യക്തമായിട്ടും വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. അന്നേദിവസം രാത്രി 11 മണിയോടെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റിയത്.

ബെഡ് ഒഴിവുണ്ടായിരുന്നില്ലെന്ന കാരണമാണ് കിന്‍ഡര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതെങ്കിലും, ആശുപത്രിയില്‍ നിന്നും മാറ്റുന്നത് മറ്റ് രോഗികള്‍ കാണാതിരിക്കാനായി രാത്രി വരെ കാത്തിരുന്ന് കുഞ്ഞിന്റെ ജീവന്‍ വെച്ച് കളിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ശേഷം ലഭിച്ച കുഞ്ഞിനെയാണ് നഷ്ടപ്പെട്ടതെന്നും ഇനിയാര്‍ക്കും ഈ അവസ്ഥ വരാതിരിക്കാനാണ് പ്രതിഷേധിക്കുന്നതെന്നും അലീനയും റൊമാരിയോയും മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Allegations Against Kochi Kinder Hospital




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related