India
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണത്തില്‍ ഇന്ത്യയുടെ മൗനം മനസിലാവുന്നില്ല: മെഹബൂബ മുഫ്തി
ശ്രീനഗര്‍: ഇറാനെതിരായ ഇസ്രഈല്‍ – യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി.
ഇന്ത്യയ്‌ക്കെതിരെ ആണവ പരീക്ഷണങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇറാന്‍ മാത്രമാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നതെന്നും മെഹബൂബ പറഞ്ഞു.
‘നമ്മുടേതൊരു ജനാധിപത്യ രാജ്യമാണോ എന്നെനിക്ക് മനസിലാവുന്നില്ല, രാജ്യത്തിന്റെ നേതൃത്വം ഇറാനിലെ ആക്രമണങ്ങളെ അപലപിക്കുകയോ അവിടുത്തെ ജനങ്ങളോട് അനുശോചനം അറിയിക്കുകയോ ചെയ്തിട്ടില്ല. ജമ്മു കാശ്മീരിലെ നേതൃത്വവും,’ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഇറാനുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധമുണ്ടായിരുന്നുവെന്നും കശ്മീര്‍ വിഷയത്തില്‍ എല്ലാ മുസ്‌ലിം രാജ്യങ്ങളും പാകിസ്ഥാന്റെ പക്ഷം പിടിച്ചപ്പോള്‍ ഇറാന്‍ മാത്രമാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
‘കശ്മീര്‍ വിഷയത്തില്‍ എല്ലാ മുസ്‌ലിം രാജ്യങ്ങളും പാകിസ്ഥാനോടൊപ്പം നിന്നു, ഇറാന്‍ ഒഴികെ, ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍, നമുക്ക് എണ്ണ തന്ന ഒരേയൊരു രാജ്യം ഇറാന്‍ ആയിരുന്നു.
അവര്‍ ആദ്യം പണം പോലും വാങ്ങിയില്ല, പിന്നീട് അത് സ്വീകരിച്ചു. നിര്‍ഭാഗ്യവശാല്‍, രാജ്യത്തിന്റെ നേതൃത്വം ഇറാനിലെ ആക്രമണത്തെ അപലപിക്കുകയോ അവിടുത്തെ ജനങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയോ ചെയ്തില്ല,’ അവര്‍ പറഞ്ഞു.
പ്രതിഷേധത്തിനിടെ മെഹബൂബ മുഫ്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇസ്രഈല്‍ പ്രാധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും കോലം കത്തിച്ചു.
‘ഞങ്ങളുടെ ഹൃദയങ്ങള്‍ ദുഖത്താല്‍ നിറഞ്ഞിരിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് പുറത്ത് പ്രതിഷേധിക്കാന്‍ കഴിയില്ല, അതിനാല്‍ കുറഞ്ഞത് ഈ പൈശാചിക ശക്തികളുടെ കോലമെങ്കിലും ഞങ്ങള്‍ കത്തിച്ചു.
ജമ്മു കശ്മീര്‍ ജനത, പ്രത്യേകിച്ച് താഴ്വരയിലെ ജനങ്ങള്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ധീരതയ്ക്കും ത്യാഗങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് ലോകത്തിന് ഒരു സന്ദേശം അയയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ പി.ഡി.പി നേതാവ് പറഞ്ഞു.
ഇന്ന് ലോക ക്രമം എന്നൊന്നില്ലെന്നും ട്രംപിനെ പോലൊരു എപ്സ്റ്റീന്‍ ഗുണ്ടയ്ക്ക് എപ്സ്റ്റീന്‍ മാസ്റ്റര്‍ നെതന്യാഹുവിനൊപ്പം ഇറാനിലേക്കും വെനസ്വേലയിലേക്കും പോവാന്‍ കഴിയുമെന്നും അവര്‍ യുദ്ധ കുറ്റവാളികളാണെന്നും മെഹബൂബ പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം രാജ്യങ്ങള്‍ നിശബ്ദ കാഴ്ച്ചക്കാരെ പോലെ നോക്കിനില്‍ക്കുകയും അമേരിക്കയ്ക്ക് താവളങ്ങള്‍ നല്‍കി ഇറാനെതിരായ ആക്രമണത്തെ മൗനമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഖേദകരകമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകത്തിനെതിരെ താഴ്‌വരയില്‍ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.
ശ്രീനഗര്‍ ലോക്‌സഭാ എം.പി ആഗ സയ്യിദ് റൂഹുല്ല മെഹദി, മുന്‍ മേയര്‍ ജുനൈദ് അസിം മുട്ടു എന്നിവര്‍ക്കെതിരായ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘ ഇവിടുത്തെ ജനങ്ങളോട് സമാധാനം പാലിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: India’s silence on Israeli-US attack on Iran is incomprehensible: Mehbooba Mufti
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




