ഹോർമുസ് കടലിടുക്കിൽ ചൈനീസ് കപ്പലുകൾക്ക് പ്രത്യേക അനുമതി; ഇറാനുമായി ചർച്ച നടത്തി ചൈന
ബീജിങ്: ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ തങ്ങളുടെ എണ്ണ-വാതക കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാൻ ഇറാനുമായി ചർച്ച നടത്തി ചൈന. ഇറാൻ-ഇസ്രഈൽ സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുമായാണ്.
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ചൈനീസ് പതാകയുള്ള എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള പ്രകൃതിവാതക കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകണമെന്ന് ചൈന ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 45 ശതമാനത്തോളം എത്തുന്നത് ഈ കടലിടുക്ക് വഴിയാണ്. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഈ പാതയിലൂടെയുള്ള കപ്പൽ യാത്രകളിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ.
ജനുവരിയിൽ പ്രതിദിനം ശരാശരി 24 കപ്പലുകൾ കടന്നുപോയിരുന്ന പാതയിലൂടെ മാർച്ച് ഒന്നിന് വെറും 4 കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ഏകദേശം 300 എണ്ണക്കപ്പലുകൾ കടലിടുക്കിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
അമേരിക്കയുടെയും ഇസ്രഈലിന്റെയും കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇറാനുമായുള്ള അടുത്ത സാമ്പത്തിക ബന്ധം ചൈനയുടെ ഉടമസ്ഥതയിലുള്ള കപ്പലുകൾക്ക് യാത്ര തുടരാൻ സഹായകമാകുമെന്നാണ് സൂചന.
യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ 15 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്. ഖത്തറിലെ പ്രധാന വാതക വിതരണ കേന്ദ്രമായ റാസ് ലാഫാൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിയത് ഏഷ്യൻ രാജ്യങ്ങളിലെ ഗ്യാസ് വിതരണത്തെയും ബാധിച്ചിട്ടുണ്ട്.
Content Highlight: China in talks with Iran to allow safe oil and gas passage through Hormuz, sources say




