Kerala
‘ഇതുപോലൊരു യോഗ്യന്‍’ ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച മാങ്കൂട്ടത്തിലിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനം
പാലക്കാട്: സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനും പ്രതികരണം തേടിയ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.
മൂന്ന് ലൈംഗിക പീഡനകേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
മന്ത്രി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും പൊലീസ് വന്നിട്ടും ഇടപെടാതെ തിരിച്ചുപോയെന്നടക്കമുള്ള ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം.
സ്ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയെയും വിഷയം ധരിപ്പിച്ചിരുന്നുവെന്നും ബിന്ദു മേനോന്‍ ആരോപിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ആരോപണമുണ്ട്.
ഇതിനുപിന്നാലെ പൊലീസിനും മന്ത്രിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് മാധ്യമങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം തേടിയത്.
ഗണേഷ് കുമാറിനെ പരിഹസിച്ചുകൊണ്ടുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സോഷ്യല്‍ മീഡിയ പ്രതികരണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളിൽ രാഹുലിനെതിരായ വിമര്‍ശനം ശക്തമായത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയോ സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് ചിലര്‍ ഓര്‍മിപ്പിച്ചു. പ്രതികരിക്കാന്‍ ഇത്രയും യോഗ്യനായ മറ്റൊരാളും ഇല്ലെന്ന് ചിലര്‍ പരിഹസിച്ചു. സ്വന്തമായി വെളുപ്പിക്കാന്‍ കിട്ടിയ അവസരം രാഹുല്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
‘ഇവനെപോലെയുള്ള പീഡന വീരന്മാരുടെ മുമ്പില്‍ കസര്‍ത്ത് കേള്‍ക്കാന്‍ മൈക്ക് നീട്ടി നിക്കുക. പിന്നീട് അത് ലൈവ് ആയി എയര്‍ ചെയ്യുക. എന്തൊരു ഗതികേടാണ് കേരളത്തിന്റെ,’ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം തേടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നാണമില്ലേയെന്നാണ് മറ്റു ചിലരുടെ ചോദ്യം. സര്‍ക്കാരിനെയും ഗണേഷ് കുമാറിനെയും അതിജീവിതകളെയും അധിക്ഷേപിച്ചുകൊണ്ടാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
നിലവില്‍ മൂന്ന് ലൈംഗിക പീഡനക്കേസുകളിലെ പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആദ്യ രണ്ട് കേസുകളില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യവും മൂന്നാമത്തെ കേസില്‍ ജാമ്യവും ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ കേസിലെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Content Highlight: Criticism directed at Mamkootathil and the media for responding to allegations against Ganesh Kumar
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




