ട്രംപിന്റെ ഭീഷണി വകവെയ്ക്കാതെ ശ്രീലങ്ക; അമേരിക്ക കൊലപ്പെടുത്തിയ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറും
കൊളംബോ: കഴിഞ്ഞയാഴ്ച അമേരിക്ക ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയിൽ ഉണ്ടായിരുന്ന 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി.
ശ്രീലങ്കൻ തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അമേരിക്ക ഇറാൻ നാവികസേനയുടെ കപ്പൽ ആക്രമിച്ചത്.
തെക്കൻ തുറമുഖ നഗരമായ ഗാലെയിലെ ഹാർബർ പൊലീസ് നൽകിയ അപേക്ഷയെത്തുടർന്ന് ബുധനാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൃതദേഹങ്ങൾ നിലവിൽ ഗാലെയിലെ നാഷണൽ ഹോസ്പിറ്റലിലെ മോർച്ചറിയിലാണുള്ളത്.
അതേസമയം, ഇതേ മേഖലയിൽ വെച്ച് എൻജിൻ തകരാറിലായതിനെത്തുടർന്ന് ശ്രീലങ്ക അഭയം നൽകിയ മറ്റൊരു ഇറാനിയൻ കപ്പലിലെ 208 ജീവനക്കാർക്ക് 30 ദിവസത്തെ എൻട്രി വിസ നൽകി എന്ന് പ്രതിരോധ സഹ മന്ത്രി അരുണ ജയശേഖര പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ഇറാൻ എംബസിയുമായി കപ്പലിലെ ജീവനക്കാരെക്കുറിച്ച് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി ഇക്കാര്യത്തിൽ ടെഹ്‌റാനുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും ജയശേഖര പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങളും വിസ നൽകിയ 208 ജീവനക്കാരെയും ഇറാന് കൈമാറരുതെന്ന് അമേരിക്ക ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയും ഇറാനും ശ്രീലങ്കയുടെ പ്രധാന വ്യാപാര പങ്കാളികളാണ്. ശ്രീലങ്കയിൽ ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങളുടെ 40 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റിയയക്കുന്നത്, ഇറാൻ ശ്രീലങ്കൻ തേയിലയുടെ പ്രധാന ഉപഭോക്താക്കളാണ്.
അമേരിക്കൻ ആക്രമണത്തെ തുടർന്ന് 183 ജീവനക്കാരുള്ള ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലായ ഐറിസ് ലവൻ കൊച്ചി തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്.
Content Highlight: Sri Lanka to hand over bodies of 84 sailors killed by US to Iran despite Trump’s threat




