Iran US Conflict
യു.എസ് -ഇസ്രഈല്‍ ആക്രമണത്തില്‍ മൊജ്തബ ഖാംനഇക്ക് സാരമായി പരിക്കേറ്റു; അവകാശവാദവുമായി യു.എസ് പ്രതിരോധ സെക്രട്ടറി
വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇക്ക് യു.എസ് -ഇസ്രഈല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റതായി പെന്റഗണ്‍.
‘മൊജ്തബ ഖാംനഇക്ക് പരിക്കേറ്റിട്ടുണ്ട്. അംഗഭംഗം സംഭവിച്ചിരിക്കാനാണ് സാധ്യത’, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. തെളിവുകളൊന്നും നല്‍കാതെയാണ് യു.എസ് പ്രതിരോധ സെക്രട്ടറി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച പെന്റഗണില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹെഗ്‌സെത്തിന്റെ അവകാശവാദം. ഇറാന്‍ പ്രയോഗിക്കുന്ന എല്ലാ തരത്തിലുമുള്ള മിസൈലുകളും യു.എസ് വെടിവെച്ചിടുകയുമാണ്. അവര്‍ക്ക് ഇതിലും മികച്ചത് നിര്‍മിക്കാനുള്ള കഴിവില്ലെന്ന് ഇതോടെ വ്യക്തമായതായും പീറ്റ് ഹെഗ്‌സെത്ത് പരിഹസിച്ചു.
‘കഴിഞ്ഞദിവസം ഖാംനഇ ഒരു പ്രസ്താവന നടത്തി. അത് യഥാര്‍ത്ഥത്തില്‍ ശക്തമല്ലാത്ത ഒന്നായിരുന്നു. ശബ്ദമോ ദൃശ്യങ്ങളോ ആയിട്ടല്ലായിരുന്നു പ്രസ്താവന. എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവനയായിരുന്നു അത്’, ഹെഗ്‌സെത്ത് പറഞ്ഞു.
‘ഇറാനില്‍ ധാരാളം ക്യാമറകളും വോയിസ് റെക്കോര്‍ഡറുകളുമുണ്ട്. പിന്നെ എന്തിനാണ് രേഖാമൂലമുള്ള പ്രസ്താവന? മൊജ്തബ ഖാംനഇയുടെ പിതാവ് മരിച്ചു. അദ്ദേഹത്തിന് പരിക്കുമേറ്റു, അദ്ദേഹം ഭയപ്പെടുകയാണ്; ഒളിവില്‍ പോയിരിക്കുകയാണ്; ഈ സാഹചര്യത്തില്‍ ആരാണ് ചുമതല വഹിക്കുന്നത്? ഇറാന് തന്നെ അറിയില്ലായിരിക്കും’, ഹെഗ്‌സെത്ത് പറഞ്ഞു.
അതേസമയം, യു.എസ് പ്രതിരോധ സെക്രട്ടറിയുടെ അവകാശവാദത്തോട് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ, ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പരമോന്നത നേതാവ് സുരക്ഷിതനാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ മകനും ഇറാന്‍ ഭരണകൂടത്തിന്റെ ഉപദേഷ്ടാവുമായ യൂസഫ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസ്-ഇസ്രഈല്‍ സേന നടത്തിയ സംയുക്താക്രമണത്തിലാണ് ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടത്. പിന്നാലെ കഴിഞ്ഞാഴ്ച അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഖാംനഇയെ പരമോന്നത നേതാവായി ഇറാന്‍ അസംബ്ലി തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച മൊജ്തബ ഖാംനഇയുടെ ഒരു പ്രസ്താവന ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തെത്തിയിരുന്നു. കൊല്ലപ്പെട്ട ഇറാനികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും വാര്‍ത്താ അവതാരകന്‍ വായിച്ച മൊജ്തബ ഖാംനഇയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മേഖലയിലെ എല്ലാ യു.എസ് താവളങ്ങളും അടച്ചുപൂട്ടണമെന്നും അല്ലെങ്കില്‍ ഇറാന്‍ അവിടങ്ങളിലേക്ക് ആക്രമണം തുടരുമെന്നും ഖാംനഇയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കടുത്ത സമ്മര്‍ദത്തിനും ആക്രമണത്തിനും ഇടയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ധീരരായ പോരാളികള്‍ക്ക് നന്ദി പറയുന്നുവെന്നും ഹോര്‍മുസ് കടലിടുക്ക് ഇനിയും ഇറാന്‍ സംഘര്‍ഷത്തില്‍ സമ്മര്‍ദ തന്ത്രമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മൊജ്തബ ഖാംനഇയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിനെതിരെ യു.എസ് നിരന്തരം പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ നിയമനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും അദ്ദേഹത്തിന്റെ പിതാവിനെ പോലെ മൊജ്തബയെയും യു.എസ് ലക്ഷ്യം വെയ്ക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പരോക്ഷ പ്രതികരണം നടത്തിയിരുന്നു.
Content Highlight: Mojtaba Khamenei injured in US Israeli attack; US Defense Secretary claims
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




