India
ആരാണ് അവസരവാദി? ഓപ്ഷനില്‍ പണ്ഡിറ്റും; യു.പി പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യം വിവാദത്തില്‍; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
ലഖ്‌നൗ: ശനിയാഴ്ച യു.പിയില്‍ നടന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യം പണ്ഡിറ്റ് വിഭാഗത്തിനെ അപമാനിക്കുന്നതാണെന്ന് ആരോപണം.
ഹിന്ദിയില്‍ നടന്ന പരീക്ഷയില്‍ അവസരത്തിന് അനുസരിച്ച് സ്വയം മാറുന്നവന്‍ എന്നര്‍ത്ഥം വരുന്ന വാക്കിന് അനുയോജ്യമായ ഒറ്റവാക്ക് കണ്ടുപിടിക്കാനുള്ള ചോദ്യമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഓപ്ഷനില്‍ സദാചാരാവാദി, അവസരവാദി, നിക്ഷ്പക്ഷ വാദി എന്നിവയ്‌ക്കൊപ്പം പണ്ഡിറ്റ് എന്നും ഒരു ഓപ്ഷനായി നല്‍കിയിരുന്നു.
യു.പി പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡ് ശനിയാഴ്ച നടത്തിയ പരീക്ഷയിലായിരുന്നു ഈ ചോദ്യം ഉള്‍പ്പെട്ടത്.
പരീക്ഷയ്ക്ക് തൊട്ടുപിന്നാലെ വിവാദങ്ങളും ആരോപണങ്ങളും ആരംഭിച്ചു. യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പരീക്ഷയ്‌ക്കെതിരെ രംഗത്തെത്തി.
പരീക്ഷയിലെ ചോദ്യത്തിനും ഓപ്ഷനുമെതിരെ ഗുരുതരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഏതെങ്കിലും സമൂഹത്തിന്റെ അന്തസിനെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അസ്വീകാര്യമാണെന്നും ബ്രജേഷ് പഥക് എക്‌സിലൂടെ പ്രതികരിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ജാതി, സമൂഹം അല്ലെങ്കില്‍ പാരമ്പര്യത്തിനെ അവഹേളിക്കുന്ന വാക്കുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും യു.പി ഉപമുഖ്യമന്ത്രി വിശദീകരിച്ചു.
ചോദ്യ പേപ്പറിലെ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് പരീക്ഷാ കണ്‍ട്രോളര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു.
ബോര്‍ഡിലെ ഉദ്യോസ്ഥര്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പറുകള്‍ കാണാന്‍ അനുവാദമില്ലെന്നും പരീക്ഷാ ഹാളില്‍ വെച്ച് ഉദ്യോഗാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് മാത്രമാണ് ചോദ്യ പേപ്പറുകളുടെ സീല്‍ തുറക്കുകയെന്നും കുറിപ്പില്‍ വിശദീകരിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേരിട്ടുള്ള നിയമനത്തിനുള്ള എഴുത്തുപരീക്ഷ രണ്ട് ദിവസങ്ങളിലായാണ് നടത്തുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ തീരുമാനിച്ചിരുന്നത്.
Content Highlight: Who is an opportunist? Pandit in the option; Question in UP Police Recruitment Exam in controversy; Government says strict action
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




