Kerala
വിജയം പുരുഷമുഖങ്ങള്‍ക്ക്; ഇത്തവണയും ഉറപ്പുള്ള സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കാതെ ലീഗ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിമര്‍ശനത്തിനിരയായി മുസ്‌ലിം ലീഗ്. ഇത്തവണയും വിജയമുറപ്പുള്ള സീറ്റുകളില്‍ പുരുഷ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പരിഗണിച്ചതെന്നാണ് പ്രധാന വിമര്‍ശനം.
ഫാത്തിമ തെഹ്‌ലിയ, ജയന്തി രാജന്‍ തുടങ്ങിയ രണ്ട് വനിതകള്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലിടം പിടിച്ചെങ്കിലും വനിതകള്‍ക്ക് സീറ്റ് നല്‍കിയില്ലെന്ന വിമര്‍ശനം ഒഴിവാക്കാനായി മാത്രമാണ് ഇരുവരെയും സ്ഥാനാര്‍ത്ഥികള്‍ ആക്കിയിരിക്കുന്നതെന്ന വാദവും ശക്തമായി.
എല്‍.ഡി.എഫിന്റെ ഉറച്ച സീറ്റായ പേരാമ്പ്രയാണ് തെഹ്‌ലിയയ്ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് തവണയും തുടര്‍ച്ചയായി സി.പി.ഐ.എം വിജയിക്കുന്ന മണ്ഡലമാണ് പേരാമ്പ. 1977ലാണ് അവസാനമായി മറ്റൊരു പാര്‍ട്ടി അവിടെ വിജയം നേടിയത്. അന്ന് കേരളാ കോണ്‍ഗ്രസിന്റെ കെ.സി. ജോസഫായിരുന്നു വിജയി. പിന്നീട് സി.പി.ഐ.എമ്മിന്റെ കോട്ടയായി മാറുകയായിരുന്നു പേരാമ്പ്ര.
ജയന്തി രാജന്‍ മത്സരിക്കുന്ന കൂത്തുപറമ്പ് മണ്ഡലത്തിന്റെ അവസ്ഥയും വിഭിന്നമല്ല. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കൂത്തുപറമ്പില്‍ വിജയിക്കുക ഏറെക്കുറെ അസാധ്യമാണെന്ന് ലീഗ് തന്നെ വിധിയെഴുതിയ മണ്ഡലമാണ് കൂത്തുപറമ്പ്. മണ്ഡലം രൂപീകരിച്ചതുമുതല്‍ ഇവിടെ എല്‍.ഡി.എഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടെയായിരുന്നു വിജയം.
ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 21 മണ്ഡലങ്ങളില്‍ ആകെ രണ്ട് സീറ്റുകളാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതില്‍ വനിതാലീഗ് നേതാക്കളെ തഴഞ്ഞെന്നും യൂത്ത് ലീഗ് നേതാവിനെയും അഖിലേന്ത്യാ ലീഗ് നേതാവിനെയുമാണ് പരിഗണിച്ചതെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. സുഹറ മമ്പാട് പോലുള്ള പ്രമുഖ വനിതാ ലീഗ് നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതുമില്ല.
ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദും രംഗത്തെത്തിയിരുന്നു. ഫാത്തിമ തെഹ്‌ലിയയ്ക്ക് സീറ്റ് നല്‍കിയതിന്റെ മാനദണ്ഡമെന്താണെന്ന് നൂര്‍ബിന ചോദിച്ചിരുന്നു.
സാദിഖ് അലി ശിഹാബ് തങ്ങളെയടക്കം അവഹേളിച്ച വ്യക്തിയാണ് തെഹ്‌ലിയയെന്നും, എന്തിന്റെ അടിസ്ഥാനത്തിലാണ് ജയന്തി രാജന് സീറ്റ് നല്‍കിയതെന്നും നൂര്‍ബിന വിമര്‍ശിരുന്നു.
വനിതാ ലീഗിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിച്ചില്ലെന്നും തെഹ്‌ലിയ യൂത്ത് ലീഗ് നേതാവും ജയന്തി രാജന്‍ അഖിലേന്ത്യ നേതാവുമാണെന്നും കേരളത്തില്‍ നിന്നുള്ള വനിതാ ലീഗ് നേതാക്കളെ പാര്‍ട്ടി അവഗണിച്ചെന്നുമാണ് നൂര്‍ബിനയുടെ വിമര്‍ശനം.
Content Highlight: League will not give guaranteed seats to women this time too
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




