18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

വാക്ക് നല്‍കിയിട്ടും സീറ്റ് നല്‍കിയില്ല; സണ്ണി എം. കപിക്കാടിനും സി.കെ ജാനുവിനും കോണ്‍ഗ്രസിന്റെ തിരിച്ചടി

Date:



Kerala


വാക്ക് നല്‍കിയിട്ടും സീറ്റ് നല്‍കിയില്ല; സണ്ണി എം. കപിക്കാടിനും സി.കെ ജാനുവിനും കോണ്‍ഗ്രസിന്റെ തിരിച്ചടി

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായിരുന്നവരെ തഴഞ്ഞ് 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സംവരണ മണ്ഡലങ്ങളില്‍ സീറ്റ് വാഗ്ദാനം ചെയ്തവരെ പോലും ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. എന്‍.ഡി.എയില്‍ നിന്നും യു.ഡി.എഫിലേക്ക് ചേക്കേറിയ സി.കെ ജാനുവിന് വയനാട് ജില്ലയിലെ ഒരു മണ്ഡലത്തിലേക്കും കോണ്‍ഗ്രസ് പരിഗണിച്ചില്ല.

വൈക്കത്ത് സീറ്റ് നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നിട്ടും അവസാന നിമിഷം പ്രമുഖ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാടിനെയും കോണ്‍ഗ്രസ് തഴഞ്ഞു. യു.ഡി.എഫിന് ഉറപ്പില്ലാത്ത സീറ്റായിരുന്നിട്ടു പോലും വൈക്കത്ത് സണ്ണി കപിക്കാടിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തത് ശ്രദ്ധേയമായി.

സംവരണ മണ്ഡലമായ വൈക്കത്ത് സണ്ണി എം. കപിക്കാട് മത്സരിക്കുമെന്നായിരുന്നു തുടക്കം മുതല്‍ കോണ്‍ഗ്രസ് നല്‍കിയിരുന്ന സൂചന. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സണ്ണി കപിക്കാട് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, സണ്ണി കപിക്കാടിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന സൂചനകള്‍ പുറത്തെത്തിയതോടെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ നിന്നും പിന്മാറിയത്.

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രണ്ടിലേറെ തവണ സണ്ണി കപിക്കാടുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ദളിത് ക്രിസ്ത്യന്‍ സംഘടനയായ സി.എസ്.ബി.എസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

1991ന് ശേഷം യു.ഡി.എഫിന് വിജയം സ്വന്തമാക്കാനാകാത്ത വൈക്കത്ത്, സണ്ണി കപിക്കാടിനെ പോലെ  സാംസ്‌കാരിക രംഗത്തെ പ്രമുഖനായ ഒരു വ്യക്തിയെ മത്സരിപ്പിക്കുന്നതിലൂടെ വിജയത്തിനായി ശ്രമിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 2021ല്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് വിജയിച്ച മണ്ഡലമാണ് വൈക്കം. ഇത്തവണ കെ. ബിനിമോനാണ് വൈക്കത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

എന്‍.ഡി.എ വിട്ട ആദിവാസി നേതാവ് സി.കെ. ജാനുവിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് ചര്‍ച്ചയായി. കഴിഞ്ഞ ഡിസംബറിലാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യു.ഡി.എഫ് അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ സീറ്റടക്കം വാഗ്ദാനം ചെയ്തായിരുന്നു സി.കെ. ജാനുവിനെ യു.ഡി.എഫ് സ്വന്തം പാളയത്തിലെത്തിച്ചത്. എന്നാല്‍, സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഉഷ വിജയനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്.

നേരത്തെ, മാനന്തവാടി മണ്ഡലം യു.ഡി.എഫിന് സി.കെ. ജാനുവിലൂടെ തിരിച്ചുപിടിക്കാനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട മുന്‍മന്ത്രി കൂടിയായ പി.കെ. ജയലക്ഷ്മിയെ തന്നെ വീണ്ടും പരിഗണിക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നേട്ടമുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ നിരീക്ഷണം പുറത്തുവന്നത്.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തില്‍ നിന്നും സി.കെ. ജാനുവിനെ മത്സരിപ്പിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നത്.

എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി നിലപാട് മാറ്റിയിരിക്കുകയാണ്. വയനാട്ടിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പാണ് സി.കെ. ജാനുവിന് തിരിച്ചടിയായിരിക്കുന്നതെന്നാണ് സൂചന.

സുല്‍ത്താന്‍ ബത്തേരി എം.എല്‍.എയായ ഐ.സി. ബാലകൃഷ്ണന്‍ സി.കെ. ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത എതിര്‍പ്പുമായി കെ.പി.സി.സിയെ സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുത്തങ്ങ സമരം അടിച്ചൊതുക്കാന്‍ ശ്രമിച്ച അന്നത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ സമരനായികയായിരുന്ന സി.കെ. ജാനു രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. പില്‍ക്കാലത്ത് യു.ഡി.എഫിലെത്തിയ സി.കെ. ജാനുവിന് ഇന്ന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നെങ്കില്‍ അത് ചരിത്രമാവുമായിരുന്നു.

Content Highlight: Despite promises, seats were not given; Congress’s setback to Sunny Kapikkad and CK Janu

 

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വി.ഡി സതീശന്‍ സീറ്റ് ഉറപ്പ് നല്‍കിയിട്ടും വൈക്കത്ത് പരിഗണിച്ചില്ല, എന്തുകൊണ്ട്? അതൃപ്തി പരസ്യമാക്കി സണ്ണി എം. കപിക്കാട്

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തില്‍ തന്നെ പരിഗണിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....