18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

ഒടുവില്‍ ഞാന്‍ സ്വതന്ത്രയായിരിക്കുന്നു; ഒരു വര്‍ഷത്തിന് ശേഷം യു.എസ് തടങ്കലില്‍ നിന്ന് മോചിതയായി ഫലസ്തീന്‍ പോരാളി ലെഖാ കോര്‍ഡിയ

Date:



World


ഒടുവില്‍ ഞാന്‍ സ്വതന്ത്രയായിരിക്കുന്നു; ഒരു വര്‍ഷത്തിന് ശേഷം യു.എസ് തടങ്കലില്‍ നിന്ന് മോചിതയായി ഫലസ്തീന്‍ പോരാളി ലെഖാ കോര്‍ഡിയ

ടെക്‌സസ്: ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഒരു വര്‍ഷത്തിലേറെയായി യു.എസ് തടങ്കലില്‍ കഴിഞ്ഞിരുന്ന ഫലസ്തീന്‍ വനിതയും വിദ്യാര്‍ത്ഥിനിയുമായ ലെഖാ കോര്‍ഡിയ മോചിതയായി.

ടെക്സസിലെ അല്‍വാരഡോയിലുള്ള പ്രൈറിലാന്‍ഡ് ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് മോചിതയായ ലെഖാ ന്യൂജേഴ്സിയിലുള്ള തന്റെ ബന്ധുക്കള്‍ക്കടുത്തേക്കാണ് പോയത്.

‘എന്ത് പറയണമെന്ന് എനിക്കറിയില്ല. ഒടുവില്‍ ഞാന്‍ സ്വതന്ത്രയായിരിക്കുന്നു. ഒരു വര്‍ഷത്തിനുശേഷം ഞാന്‍ പുറത്തിറങ്ങിയിരിക്കുന്നു,’ ലെഖാ കോര്‍ഡിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വീട്ടിലെത്തി തന്റെ അമ്മയെ ഒന്നു കെട്ടിപ്പിടിക്കാന്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ യു.എസിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ ഇപ്പോഴും തുടരുന്ന അനീതികള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇമിഗ്രേഷന്‍ കോടതിയില്‍ നടന്ന ശക്തമായ നിയമ പോരാട്ടത്തിനൊടുവിലാണ് ലെഖായുടെ മോചനം സാധ്യമായത്. മൂന്ന് തവണ ബോണ്ടില്‍ പുറത്തിറങ്ങാന്‍ ലെഖാ യോഗ്യയാണെന്ന് ജഡ്ജി വിധിച്ചിരുന്നു.

എന്നാല്‍ ആദ്യ രണ്ട് തവണയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കി അവരുടെ മോചനം തടയുകയായിരുന്നു. മൂന്നാം തവണ സര്‍ക്കാര്‍ അഭിഭാഷകര്‍ വിധി ചോദ്യം ചെയ്യാതിരുന്നതോടെ ഒരു ലക്ഷം ഡോളറിന്റെ ബോണ്ടില്‍ ജഡ്ജി താര നസെലോ-നഹാസ് അവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

പ്രതിഭാഗം ഹാജരാക്കിയ ആയിരക്കണക്കിന് പേജുകളുള്ള തെളിവുകള്‍ പരിഗണിച്ച ജഡ്ജി, സര്‍ക്കാര്‍ ഹാജരാക്കിയ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിക്കെതിരെ ശക്തമായ ഒരു തെളിവുകളും ഇല്ലെന്നും നിരീക്ഷിച്ചു. മാത്രമല്ല ലെഖാ രാജ്യം വിട്ടുപോകാന്‍ സാധ്യതയില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

വെസ്റ്റ് ബാങ്കില്‍ വളര്‍ന്ന ലെഖാ 2016 ലാണ് ഉപരിപഠനത്തിനായി യു.എസിലെത്തിയത്. 2024-ല്‍ കൊളംബിയ സര്‍വ്വകലാശാലയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടം അവരെ ലക്ഷ്യം വെച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ന്യൂജേഴ്സിയില്‍ ഐ.സി.ഇ നടത്തിയ പരിശോധനയ്ക്കിടെ അവരെ കസ്റ്റഡിയിലെടുക്കുകയും ടെക്സസിലെ പിയേഴ്സലിലുള്ള തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

2025-ല്‍ വിദ്യാര്‍ത്ഥി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നു എന്നതായിരുന്നു ഇവര്‍ക്കെതിരായ കേസ്. കൂടാതെ, മിഡില്‍ ഈസ്റ്റിലെ ബന്ധുക്കള്‍ക്ക് ലെഖാ പണം അയച്ചത് സംശയാസ്പദമാണെന്നും അധികൃതര്‍ വാദിച്ചു.

എന്നാല്‍, യുദ്ധക്കെടുതി അനുഭവിക്കുന്ന തന്റെ കുടുംബാംഗങ്ങളെ സഹായിക്കാനാണ് പണം അയച്ചതെന്ന് ലെഖാ വ്യക്തമാക്കിയെങ്കിലും അവരുടെ വാദം അധികൃതര്‍ അംഗീകരിച്ചില്ല. ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ ലെഖായ്ക്ക് തന്നെ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായിട്ടുണ്ട്.

തടങ്കലില്‍ കഴിയുന്നതിനിടെ ലെഖാ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടതായി അവരുടെ നിയമസംഘം വെളിപ്പെടുത്തിയിരുന്നു. തടങ്കല്‍ കേന്ദ്രത്തില്‍ ബോധരഹിതയായി വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അവരെ മൂന്ന് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ സമയത്ത് അവരുടെ കാലുകള്‍ കിടക്കയില്‍ ചങ്ങലയിട്ടിരിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ ബന്ധപ്പെടാന്‍ അനുവാദം നല്‍കിയില്ലെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസ്റ്റഡിയില്‍ കഴിയവേ അവര്‍ക്ക് നാഡീസംബന്ധമായ അസുഖങ്ങള്‍ വഷളായതായും ഇത് അപസ്മാരത്തിന് സാധ്യത വര്‍ദ്ധിപ്പിച്ചതായും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ലെഖായുടെ മോചനത്തില്‍ വലിയ ആശ്വാസമുണ്ടെന്നാണ് കുടുംബം പ്രതികരിച്ചിരിക്കുന്നത്. ‘കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ കുടുംബത്തിന് സങ്കല്‍പ്പിക്കാനാവാത്തത്ര വലിയ നഷ്ടമാണുണ്ടായത്. ഏറ്റവും കഠിനമായ ദിവസങ്ങളിലും ഞങ്ങള്‍ക്കൊപ്പം നിന്ന ഞങ്ങളെ മുന്നോട്ടു നയിച്ച പ്രിയപ്പെട്ടവരോടും റമദാനില്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും കടപ്പാടുണ്ട്,’ അവരുടെ ബന്ധുവായ ഹംസ അബു ഷബ്ബാന്‍ പറഞ്ഞു.

ലെഖായുടെ മോചനത്തിനായി ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഡിഫന്‍സ് ഫോര്‍ റൈറ്റ്സ് ആന്‍ഡ് റെസിസ്റ്റന്‍സ് തുടങ്ങിയ സംഘടനകള്‍ നിരന്തരം വാദിച്ചിരുന്നു.

2024 ലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ലെഖായ്ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിച്ചെങ്കിലും, അവര്‍ക്കെതിരായ കുടിയേറ്റ കേസ് തുടരും.

ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി സംസാരിച്ചതിന്റെ പേരില്‍ ഗവണ്‍മെന്റ് അവരെ ലക്ഷ്യം വെക്കുന്നത് തുടരുന്നതിനാല്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിഭാഗം അഭിഭാഷക സാറാ ഷെര്‍മാന്‍-സ്റ്റോക്സ് പറഞ്ഞു. സമാനമായി വംശഹത്യക്കെതിരെ സംസാരിച്ചതിന് കേസ് നേരിടുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും നിയമസംഘം വ്യക്തമാക്കി.

ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ലെഖായുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ലെഖായെ മോചിപ്പിക്കണമെന്ന് മംദാനി ആവശ്യപ്പെട്ടിരുന്നു.

ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യു.എസ് ലക്ഷ്യം വെക്കപ്പെട്ടവരില്‍ ഏറ്റവും അവസാനമായി മോചിതയായ വ്യക്തിയാണ് ലെഖാ കോര്‍ഡിയ. മറ്റ് പ്രതിഷേധക്കാരായ മഹ്‌മൂദ് ഖലീല്‍, മൊഹ്സെന്‍ മഹ്ദവി എന്നിവരെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

Content Highlight: Pro-Palestine protester Leqaa Kordia freed from US immigration detention




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related