Iran US Conflict
സായുധ പ്രതിരോധം ഇസ്രഈലിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞു: ഹിസ്ബുല്ല
ബെയ്‌റൂട്ട്: ഇസ്രഈലിനെ പ്രതിരോധിക്കാന്‍ ആയുധമെടുക്കുന്നത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസിം. ഈ പോരാട്ടത്തിന്റെ ഫലം യുദ്ധക്കളത്തില്‍ തീരുമാനിക്കപ്പെടുമെന്നും ഖാസിം പറഞ്ഞു.
ശരിയായ സമയത്ത് ആക്രമണങ്ങളെ ചെറുക്കാനുള്ള കഴിവും ആക്രമണങ്ങള്‍ക്കായി തയ്യാറെടുപ്പിന്റെ നിലവാരവും ഈ സമീപനം തെളിയിച്ചിട്ടുണ്ടെന്നും നയിം ഖാസിം പറഞ്ഞു.
ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ പ്രദേശവുമായി ബന്ധപ്പെടുത്താതെ ഗ്രൂപ്പിന്റെ കഴിവും പരിധികളും വിന്യസിച്ചിട്ടുണ്ട്. ലെബനന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിലൂടെ പോരാളികള്‍ സംഘടനയുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അതുവഴി ശത്രുക്കളെ ഫലപ്രദമായി നേരിടാന്‍ സാധിക്കുന്നുണ്ടെന്നും ഖാസിം വിശദീകരിച്ചു.
ത്യാഗങ്ങള്‍ കണക്കിലെടുക്കാതെ പോരാട്ടം തുടരും. അന്തിമ ഫലം ഭൂമിയില്‍ തന്നെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഹിസ്ബുല്ല അംഗങ്ങള്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞു.
ശത്രുക്കളുടെ നീക്കങ്ങള്‍ ഹിസ്ബുല്ല മനസിലാക്കിയിട്ടുണ്ട്. അതിനനുസരിച്ച് പ്രതിരോധിക്കാന്‍ തയ്യാറാണ്. അപ്രതീക്ഷിത നീക്കങ്ങളിലൂടെ ശത്രുക്കളെ ഞെട്ടിക്കാന്‍ സാധിക്കുന്നുണ്ട്.
ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും അധിനിവേശ പ്രദേശങ്ങളില്‍ നിന്നും പിന്മാറാനും തടവുകാരെ മോചിപ്പിക്കാനും പുനര്‍നിര്‍മാണം ആരംഭിക്കുകയും ഒഴിഞ്ഞുപോയ ജനങ്ങളെ താമസസ്ഥലത്തേക്ക് തിരികെ കൊണ്ടുവരാനും സാധ്യമായ മാര്‍ഗങ്ങള്‍ തേടുമെന്നും സന്ദേശത്തില്‍ പറഞ്ഞു.
ലെബനനെതിരെ ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹിസ്ബുല്ല അംഗങ്ങള്‍ക്കുള്ള സന്ദേശവുമായി ഹിസ്ബുല്ല തലവന്‍ രംഗത്തെത്തിയിരിക്കുന്നത്.
ലെബനന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രഈലിന്റെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും വര്‍ധിക്കുകയാണ്. ഹിസ്ബുല്ലയ്ക്ക് സഹായങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് തെക്കന്‍ ലെബനിലെ അല്‍ അമാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പുകള്‍ ഇസ്രഈല്‍ ആക്രമിച്ചു.
ബെയ്‌റൂട്ടിലെ ബസ്ത, സുഖ്വാഖ് അല്‍ ബ്‌ലാത്ത് ജില്ലകളില്‍ കഴിഞ്ഞ രാത്രി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും 27 പേര്‍ക്ക് പരിക്കേറ്റതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Armed resistance has proven effective against Israel: Hezbollah
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




