Iran US Conflict
ഇറാന് മുന്നില്‍ മുട്ടുമടക്കി ട്രംപ്; ഇറാന്‍ എണ്ണയുടെ ഉപരോധം നീക്കി
വാഷിങ്ടണ്‍: ഇറാന്‍ എണ്ണയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധ താത്കാലികമായി നീക്കം ചെയ്ത് യു.എസ്. 30 ദിവസത്തേക്കാണ് ഉപരോധം യു.എസ് ട്രഷറി നീക്കിയിരിക്കുന്നത്.
ഇതോടെ ആഗോള വിപണിയിലേക്ക് 140 ദശലക്ഷം ബാരല്‍ എണ്ണ എത്തുമെന്നും ഊര്‍ജ വിതരണത്തിന്റെ സമ്മര്‍ദം ഒഴിവാക്കാനാകുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
രാജ്യന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയരാന്‍ ആരംഭിച്ചതോടെയാണ് ഗത്യന്തരമില്ലാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായകമായ നീക്കം നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 19 വരെയാണ് അസംസ്‌കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും കപ്പല്‍ മാര്‍ഗം വില്‍ക്കാന്‍ അനുവദിക്കുന്ന ഒരു പൊതു ലൈസന്‍സ് യു.എസ് പുറപ്പെടുവിച്ചത്.
യു.എസിന്റെ ഈ നീക്കം ഇറാന് സഹായകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വില കുറയ്ക്കാനായി ഇറാന്റെ ക്രൂഡ് ഓയില്‍ ബാരലുകള്‍ ഇറാനെതിരെ തന്നെ ഉപയോഗിക്കുകയാണ് തങ്ങളെന്നാണ് യു.എസ് ട്രഷറി സെക്രട്ടറി എക്‌സിലൂടെ അവകാശപ്പെട്ടത്.
പുതുതായി ഇറാന് എണ്ണ വാങ്ങാനോ ഉത്പാദിപ്പിക്കാനോ അനുമതി ഇല്ലെന്നും ഈ തീരുമാനം താത്കാലികവും ഹ്രസ്വകാല അംഗീകാരം മാത്രമുള്ള എണ്ണയുടെ ഗതാഗതത്തിനായി പരിമിതപ്പെടുത്തിയിരിക്കുന്നെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.
ഇറാനുണ്ടാക്കുന്ന വരുമാനം അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ പ്രയാസപ്പെടും. ഇറാന്റെ മേലും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് മേലും യു.എസ് പരമാവധി സമ്മര്‍ദം ചെലുത്തുമെന്നും ബെസെന്റ് എക്‌സിലൂടെ പ്രതികരിച്ചു.
നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 110 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. 2022ന് ശേഷം ഇതാദ്യമായാണ് ക്രൂഡ് ഓയില്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നത്. 50 ശതമാനത്തിന്റെ വിലവര്‍ധനവാണുണ്ടായിരിക്കുന്നത്.
ഇറാനിയന്‍ എണ്ണയുടെ ഉപരോധം നീക്കുന്നത് ചൈനയ്ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടം സമ്മാനിക്കുക. ഇറാന്റെ കയ്യിലെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാണ് ചൈന.
അതേസമയം, ആഗോള തലത്തിലെ എണ്ണ വിതരണത്തിലെ പ്രതിസന്ധി യു.എസിലെ എണ്ണ വിലയെയും ബാധിച്ചതോടെ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍സിനിടയിലും വലിയ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
നവംബറില്‍ നടക്കുന്ന യു.എസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് റിപ്പബ്ലിക്കന്‍സ്.
യു.എസിലെ വ്യവസായങ്ങളെയും ഉപഭോക്താക്കളെയും ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ട്രംപ് ഭരണകൂടം ഇറാന് മുന്നില്‍ മുട്ടുകുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ റഷ്യന്‍ എണ്ണയുടെ മേലുള്ള ഉപരോധവും യു.എസ് താത്കാലികമായി നീക്കിയിരുന്നു. ഇന്ത്യക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള വിലക്കിനും യു.എസ് ഇളവ് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Will affect US elections and business; Trump finally bows down to Iran; Iran oil sanctions lifted
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




