India
ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ചാലും ബംഗാളിൽ മമത ചരിത്ര വിജയം നേടും; പിന്തുണച്ച് അഖിലേഷ്
ലഖ്‌നൗ: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി ചരിത്ര ഭൂരിപക്ഷത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്.
‘ഒറ്റയ്ക്ക് പോരാടിയാലും അവർ (മമത) വിജയിച്ച് വരും. ബി.ജെ.പിയുമായി ഒത്തുകളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്ര ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാലും, ഡി.ജി.പി, ചീഫ് സെക്രട്ടറി, തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരെയടക്കം സ്ഥലം മാറ്റിയാലും പൊതുജനങ്ങൾ മമതയെ വീണ്ടും തെരഞ്ഞെടുക്കും,’ അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുകളിൽ എപ്പോഴെങ്കിലും ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്ന മാതൃകകൾ ഉണ്ടായിട്ടുണ്ടോ എന്നും ബംഗാളിൽ തെരഞ്ഞെടുപ്പടുത്തപ്പോൾ ഏതെല്ലാം ഉദ്യോഗസ്ഥരെ എവിടേക്കെല്ലാം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വൻതോതിൽ അവരുടെ ബംഗാളിലെ പ്രവർത്തകരെ ഉത്തർ പ്രദേശിലേക്ക് മാറ്റാൻ തീരുമാനിച്ചതായി തനിക്ക് വിവരം ലഭിച്ചെന്നും അഖിലേഷ് യാദവ് പറഞ്ഞു.
‘അവർ ലക്ഷക്കണക്കിന് പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്, അവർക്ക് കൃത്യമായ പരിശീലനവും നൽകുന്നുണ്ട്. പോലീസിൽനിന്നും പട്ടാളത്തിൽ നിന്നുമടക്കമുള്ളവരെ അവർ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്’ സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു.
ബി.ജെ.പിയ്ക്ക് അവരുടെ പ്രവർത്തകർക്ക് എങ്ങനെ പണം അയക്കണമെന്നും എങ്ങനെ പോളിങ് ബൂത്തുകൾ പിടിച്ചെടുക്കണമെന്നും കൃത്യമായി അറിയാമെന്നും ബംഗാളിലെ ബൂത്ത് തലം വരെ പണം ഇതിനകം തന്നെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസ്സും തമ്മിൽ വലിയ രാഷ്ട്രീയ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ ഐ.പി.എസ്, ഐ.എ.എസ് ഉദോഗസ്ഥരെ മുന്നറിയിപ്പൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടന്ന് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് മമത ബാനർജി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Content Highlight: Mamata will win historic victory in Bengal even if BJP colludes with Election Commission; Akhilesh backs her
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




