സൗജന്യ ഫ്രിഡ്ജും മൂന്ന് ഗ്യാസ് സിലിണ്ടറും അടക്കം 297 വാഗ്ദാനങ്ങള്‍; പ്രകടനപത്രിക പുറത്തിറക്കി അണ്ണാ ഡി.എം.കെ
ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുമായി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ). ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് എടപ്പാടി പളനിസാമിയാണ് 297 വാഗ്ദാനങ്ങള്‍ അടങ്ങിയ പത്രിക പ്രകാശനം ചെയ്തത്.
പച്ച കാര്‍ഡ് ഉടമകള്‍ക്ക് (റൈസ് കാര്‍ഡ് ഉടമകള്‍) സൗജന്യ ഫ്രിഡ്ജും വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറും അടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
കുലവിളക്ക് പദ്ധതി പ്രകാരം ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതിനൊപ്പം ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തുമെന്നും വാഗ്ദാനത്തിലുണ്ട്.
പൊങ്കല്‍ സമ്മാനമായി 1000 രൂപയും സാരിയും ദോത്തിയും വിതരണം ചെയ്യുന്നത് തുടരുമെന്നും കാര്‍ഷിക് ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും അണ്ണാ ഡി.എം.കെ വാഗ്ദാനം ചെയ്യുന്നു.
സ്വകാര്യമേഖലയിലെ തൊഴിലുകള്‍ക്ക് തമിഴ്‌നാട് സ്വദേശികള്‍ക്ക് 75 ശതമാനം സംവരണം ഉറപ്പാക്കും, മദ്യശാലകള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടി പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പാര്‍ട്ടി മുമ്പോട്ട് വെക്കുന്നു.
എ.ഐ.എ.ഡി.എം.കെയുടെ പ്രധാന വാഗ്ദാനങ്ങള്‍
ക്ഷേമ പദ്ധതികളും സൗജന്യങ്ങളും
- റൈസ് കാര്‍ഡ് ഉടമകള്‍ക്ക് ഒരു ഫ്രിഡ്ജ് സൗജന്യമായി നല്‍കും
- സൗജന്യ അരിയ്‌ക്കൊപ്പം ഒരു കിലോ പരിപ്പും ഒരു ലിറ്റര്‍ എണ്ണയും സൗജന്യമായി വിതരണം ചെയ്യും
- റൈസ് കാര്‍ഡ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് എല്‍.പി.ജി സിലിണ്ടറുകള്‍
- ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം
- കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ (കുല വിളക്ക് പദ്ധതി)
- മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 2,000 രൂപയായി വര്‍ധിപ്പിക്കും
- തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 2,000 രൂപയും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് 1,000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്
- സ്ത്രീകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ 25,000 രൂപ സബ്‌സിഡി
- 1,000 രൂപ പൊങ്കല്‍ സമ്മാനവും സൗജന്യ സാരിയും ദോത്തിയും വിതരണം ചെയ്യുന്നത് തുടരും
കൃഷി
- എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിക്കും
- വിപണി വില താങ്ങുവിലയേക്കാള്‍ കുറഞ്ഞാല്‍ സഹകരണ സംഘങ്ങള്‍ വഴി സര്‍ക്കാര്‍ നേരിട്ട് സംഭരണം നടത്തും
വിദ്യാഭ്യാസവും തൊഴിലും
- തൊഴിലില്ലായ്മ മൂലം വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഒഴിവാക്കും
- നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിനായി പ്രത്യേക സ്‌കില്‍ ഡെവലപ്മെന്റ് സര്‍വകലാശാല സ്ഥാപിക്കും
- തമിഴ്നാട് സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ 75% സംവരണം ഉറപ്പാക്കും
- യുവ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ
- എന്‍.ഇ.പിയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കാന്‍ ആവശ്യപ്പെടും
നിയമ സംവിധാനം
- സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആന്റി-ഡ്രഗ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും
- ലഹരിമരുന്ന് കച്ചവടക്കാരെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യും
- മദ്യശാലകള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടി പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തും
- സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊലപാതകം, കൊള്ള എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
- ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും
- മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട് നിര്‍മാണത്തിന് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. താലൂക്ക് തലത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്‍ഷുറന്‍സും പെന്‍ഷനും.
- ഭൂമിയില്ലാത്ത കാര്‍ഷിക തൊഴിലാളികളുടെ സെന്‍സസ് നടത്തി അവര്‍ക്ക് വീടും സാമ്പത്തിക സഹായവും ഉറപ്പാക്കും
- തമിഴ്നാടിനെ ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ശ്രമിക്കും
Content Highlight: 2026 Election: AIDMK releases election manifesto




