25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

മുത്തങ്ങ ഭൂസമരം- അധ്യാപകനെ മര്‍ദിച്ച കേസില്‍ നഷ്ടപരിഹാരം 12.5 ലക്ഷമായി വര്‍ധിപ്പിച്ചു; തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവ്

Date:



Kerala News


മുത്തങ്ങ ഭൂസമരം: അധ്യാപകനെ മര്‍ദിച്ച കേസില്‍ നഷ്ടപരിഹാരം 12.5 ലക്ഷമായി വര്‍ധിപ്പിച്ചു; തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവ്

കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രനെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും കസ്റ്റഡി മര്‍ദനമേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാര തുക 12.5 ലക്ഷമായി വര്‍ധിപ്പിച്ച് വയനാട് അഡീഷണല്‍ ജില്ലാ കോടതി.

നേരത്തെ കീഴ്‌ക്കോടതി വിധിച്ച 5 ലക്ഷം രൂപയാണ് വയനാട് അഡീഷണല്‍ ജില്ലാ ജഡ്ജി-II ശ്രീ. ജയവന്ത് എല്‍. 12.5 ലക്ഷമാക്കി ഉയര്‍ത്തിയത്

ഈ തുക 2004ല്‍ കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ 6 ശതമാനം പലിശ സഹിതം സര്‍ക്കാര്‍ നല്‍കണമെന്നും, ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. വിശ്വംഭരന്‍, മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ദേവരാജ് എന്നിവരുടെ വ്യക്തിപരമായ ആസ്തികളില്‍ നിന്ന് ഈ തുക ഈടാക്കാനാണ് കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കി, തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് ഈ തുക ഈടാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സുരേന്ദ്രനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്ത് നിന്ന് സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വെച്ച് കോളറില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ പൊലീസ് നടപടി അങ്ങേയറ്റം അപമാനകരമാണെന്ന് നിരീക്ഷിച്ച കോടതി, മതിയായ തെളിവുകളോ രേഖകളോ ഇല്ലാതെയാണ് ഈ അറസ്റ്റ് നടന്നതെന്നും ചൂണ്ടിക്കാട്ടി.

പൊലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് സുരേന്ദ്രന്റെ കര്‍ണപടത്തിന് ക്ഷതമേറ്റിരുന്നു. കസ്റ്റഡിയിലുള്ള ഒരാള്‍ക്ക് പരിക്കേറ്റാല്‍ അത് പൊലീസ് മര്‍ദനം മൂലമാണെന്ന് കരുതേണ്ടി വരുമെന്നും അത് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും കോടതി വ്യക്തമാക്കി.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും (ആര്‍ട്ടിക്കിള്‍ 21) ലംഘിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന് ഇത്തരമൊരു പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിനൊടുവില്‍ സുരേന്ദ്രന് പങ്കില്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് പൊലീസ് നടപടി ദുരുദ്ദേശപരമായിരുന്നു എന്ന വാദത്തിന് ബലം നല്‍കുന്നതാണ്, കോടതി നിരീക്ഷിച്ചു.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങയില്‍ പൊലീസ് ആദിവാസികള്‍ക്കുനേരെ ലാത്തിചാര്‍ജും വെടിവെപ്പും നടത്തിയത്. സി.കെ. ജാനു, എം. ഗീതാനന്ദന്‍, അശോകന്‍ തുടങ്ങിയവരാണ് സമരം നയിച്ചത്. ഒരു ആദിവാസി വെടിയേറ്റ് മരിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയ ഒരു പൊലീസുകാരന്‍ വെട്ടേറ്റ് മരിച്ചു. ഒരു വനപാലകന് ഗുരുതരമായ വെട്ടേറ്റു.

ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ ആക്രമണത്തിനിടയിലാണ് ആദിവാസികള്‍ക്ക് സമര ഭൂമിയിലെത്തി ക്ലാസെടുത്തു എന്നാരോപിച്ച് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ബത്തേരി എസ്.ഐ പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ ജീപ്പിലെത്തിയ സംഘം സുരേന്ദ്രനെ ഡയറ്റിലെ സ്റ്റാഫ് റൂമില്‍ നിന്ന് ഫെബ്രുവരി 22ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.

സര്‍വിസില്‍നിന്ന് ആറുമാസം സസ്പെന്‍ഡ് ചെയ്യപ്പെട്ട സുരേന്ദ്രന്‍ പ്രതിയല്ലെന്ന് പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ കണ്ടെത്തി.

കേസില്‍നിന്ന് ഒഴിവാക്കപ്പെട്ട സുരേന്ദ്രന് ആറുമാസം ഡ്യൂട്ടി അനുവദിച്ച് സര്‍ക്കാര്‍ ശമ്പളം നല്‍കി. 2004ലാണ് സുരേന്ദ്രന്‍ നഷ്ടപരിഹാരത്തിന് സബ് കോടതിയെ സമീപിച്ചത്.

 

Content Highlight: Muthanga: Compensation increased to Rupees. 12.5 lakh in teacher assault case




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related