Trending
രണ്ട് ദിവസത്തെ ഹാജര്‍ നല്‍കി വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് എത്തിച്ചു; മോദിയുടെ നോയ്ഡ വിമാനത്താവള ഉദ്ഘാടനം വിവാദത്തില്‍
നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനായി ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ എത്തിച്ച സംഭവത്തില്‍ വിവാദം.
രണ്ട് ദിവസത്തെ ഹാജര്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നോയ്ഡ വിമാനത്താവളത്തിന്റെ നിര്‍മാണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
നിര്ബന്ധമായും ഉദ്ഘാടനത്തിനെത്തണമെന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളെ അറിയിക്കുന്ന ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി നേഹ സിങ്ങിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്.
‘വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും നാളെ 28.03.2026ന് ക്യാമ്പസില്‍ എത്തണം. ഉദ്ഘാടന ചടങ്ങിന് പോകാനായി ക്യാമ്പസില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലില്‍ നിന്നും വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒന്നിച്ചുവരാനുള്ള ഗതാഗത സൗകര്യമുണ്ട്. റിപ്പോര്‍ട്ടിങ് സമയം രാവിലെ 7.45 ആയിരിക്കും,’ വിദ്യാര്‍ത്ഥികള്‍ക്ക് ഗാല്‍ഗോട്ടിയ സര്‍വകലാശാല ഡീന്‍ നേഹ സിങ് അയച്ച സന്ദേശത്തില്‍ പറയുന്നു.
സര്‍വകലാശാലയിലെ ഒരു ഫാക്കല്‍റ്റി അംഗം സന്ദേശത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം നിര്‍ബന്ധമാണെന്ന് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത ക്ലാസുകള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളോട് ഉദ്ഘാടനത്തിനെത്താനായിരുന്നു നിര്‍ദേശം.
ഇതിനുവേണ്ടി രണ്ട് ദിവസത്തെ ഹാജരും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയെന്ന് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുന്നൂറോളം ട്രിപ്പുകളിലായി സര്‍വകലാശാലയിലെ ഏകദേശം മുഴുവന്‍ വിദ്യാര്‍ത്ഥിളെയും ഉദ്ഘാടനത്തിനെത്തിച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ ചടങ്ങിനെത്തിയത് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നെന്നും കേന്ദ്രം അവകാശപ്പെടുന്നതുപോലെ പൊതുജനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ വിമര്‍ശനം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി.
Galgotian’s Finally Had Enough!!
Students expose Galgotia University and Government which forces them as props to fill empty seats in BJP and Modi Ji’s rallies….
It’s pathetic how a college robs students from studies in exchange of 2 day attendance and a pack of Parle-G pic.twitter.com/kqOW1Dvi4Z
— D (@Deb_livnletliv) March 30, 2026
മോദിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് വെറുതെ സമയം പാഴാക്കല്‍ മാത്രമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു.
എ.ഐ. ഇംപാക്ട് ഉച്ചകോടിയില്‍ ചൈനീസ് നിര്‍മിത റോബോ ഡോഗിനെ പ്രദര്‍ശിപ്പിച്ച് വിവാദത്തിലായ ഉത്തര്‍പ്രദേശിലെ സ്വകാര്യ സര്‍വകലാശാലയാണ് ഗാല്‍ഗോട്ടിയാസ്. അന്നും ചൈനീസ് റോബോട്ടിനെ എത്തിക്കാനും അതിനെ കുറിച്ച് വിവരിക്കാനും ശ്രമിച്ച് വിവാദത്തിലായ നേഹ സിങ് തന്നെയാണ് ഇത്തവണയും വിവാദ നടപടിയെടുത്തിരിക്കുന്നത്.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയില്‍ നിന്ന് മാത്രമല്ല, സമീപത്തെ നിരവധി കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ മോദിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമായ ശ്രമങ്ങള്‍ നടത്തിയെന്നും ആരോപണം ഉയര്‍ന്നു.
Content Highlight: Students were forced to attend Modi’s Noida airport inauguration, In return allotted two days attendance
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




