2
April, 2026

A News 365Times Venture

2
Thursday
April, 2026

A News 365Times Venture

ഇത് യുദ്ധക്കുറ്റം- ഫലസ്തീനികള്‍ക്കെതിരായ വധശിക്ഷാ നിയമം ഉടന്‍ പിന്‍വലിക്കണം; ഇസ്രഈലിനോട് ഐക്യരാഷ്ട്രസഭ

Date:



World


ഇത് യുദ്ധക്കുറ്റം: ഫലസ്തീനികള്‍ക്കെതിരായ വധശിക്ഷാ നിയമം ഉടന്‍ പിന്‍വലിക്കണം; ഇസ്രഈലിനോട് ഐക്യരാഷ്ട്രസഭ

ജനീവ: ഇസ്രഈല്‍ പാര്‍ലമെന്റ് പാസാക്കിയ വിവാദ വധശിക്ഷാ നിയമം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഫലസ്തീനികളെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ മാത്രം പ്രയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നിയമമെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റ് ഈ ബില്‍ പാസാക്കിയ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് വോള്‍ക്കര്‍ ടര്‍ക്ക് വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശമുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കാന്‍ ഇസ്രഈലിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇസ്രഈല്‍ കൊണ്ടുവന്ന ഈ നിയമം സുതാര്യമായ വിചാരണകള്‍ക്കും പ്രതിഭാഗത്തിന് ലഭിക്കേണ്ട നീതിപൂര്‍വ്വമായ അവകാശങ്ങള്‍ക്കും തടസമാണ്. അതുകൊണ്ട് തന്നെ ഈ നിയമം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുമുണ്ട്. ഇത് തീര്‍ത്തും വിവേചനപരമാണ്, അതിനാല്‍ ഉടനടി പിന്‍വലിക്കണം,’ ടര്‍ക്ക് ആവശ്യപ്പെട്ടു.

ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കണമെന്ന വ്യവസ്ഥ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വധശിക്ഷ നടപ്പാക്കുക അസാധ്യമാണെന്നും, നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധിനിവേശ പ്രദേശങ്ങളിലെ താമസക്കാര്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം ‘യുദ്ധക്കുറ്റമായി’ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികള്‍ക്കായുള്ള ഇസ്രഈലിന്റെ ഈ നിയമത്തെ ‘ക്രൂരം’ എന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 7 ലെ ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക സൈനിക കോടതികള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലും യു.എന്‍ മേധാവി ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്രഈല്‍ പാര്‍ലമെന്റ് ഈ വിവാദ നിയമം പാസാക്കിയത്. 48 വോട്ടുകള്‍ക്കെതിരെ 62 വോട്ടുകള്‍ക്കായിരുന്നു ബില്‍ അംഗീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ പോരാട്ടങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ഫലസ്തീനികള്‍ക്ക് ഇനി മുതല്‍ വധശിക്ഷ സ്ഥിരശിക്ഷയായി മാറും.

നിലവില്‍ ഇസ്രഈലി ജയിലുകളില്‍ 350 കുട്ടികളും 66 സ്ത്രീകളും ഉള്‍പ്പെടെ 9,300 ലധികം ഫലസ്തീനികള്‍ കഴിയുന്നുണ്ടെന്നാണ് തടവുകാരുടെ അവകാശ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നത്. രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, യു.എന്നിന്റെ ഈ കടുത്ത നിലപാട് ഇസ്രഈലിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമോയെന്ന് വ്യക്തമല്ല.

Content Highlight: UN rights chief urges Israel to repeal death penalty law, warns about war crimes




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related