World
ഇറാൻ – അമേരിക്ക യുദ്ധത്തിൽ തങ്ങളെ ലക്ഷ്യമിടാത്തോളം കാലം ഇടപെടില്ല: സിറിയൻ പ്രസിഡന്റ്
ലണ്ടൻ: സിറിയയെ ആക്രമിക്കാത്ത പക്ഷം ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണത്തിൽ നിന്നും വിട്ടുനിൽകുമെന്ന് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ
സിറിയ നീണ്ട 14 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇനി മറ്റൊരു സംഘർഷത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ലണ്ടൻ സന്ദർശനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങളെ നേരിട്ട് ബാധിക്കുകയോ നയതന്ത്രപരമായ പരിഹാരങ്ങൾ ഇല്ലാതാവുകയോ ചെയ്യാത്തിടത്തോളം കാലം ഞങ്ങൾ യുദ്ധത്തിൽ പങ്കാളികളാവില്ല,’ അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ജർമ്മനി സന്ദർശിച്ച അദ്ദേഹം ചാൻസലർ ഫ്രഡറിക്ക് മെർസുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനിയിലുള്ള 8 ലക്ഷം സിറിയൻ അഭയാർത്ഥികൾ 2030 ന് മുൻപായി സിറിയയിലേക്ക് മടങ്ങുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മെർസ് വ്യക്തമാക്കി.
ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർ നിർമിക്കുന്നതിന് വേണ്ടി രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരിക എന്നതാണ് പ്രസിഡന്റ് അഹമ്മദ് അൽ ഷറയുടെ വിദേശ സന്ദർശനങ്ങളുടെ ലക്ഷ്യം.
‘സിറിയയിൽ നിന്ന് പുറത്തുപോയ ഒരു കോടിയിലധികം ജനങ്ങളുടെ നഷ്ടം ഞങ്ങൾ അനുഭവിക്കുന്നുണ്ട്, കൂടാതെ ഏതാണ്ട് രണ്ടര ലക്ഷത്തോളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്,’ ഷറ പറഞ്ഞു.
അതേസമയം ലണ്ടനിലെ അഹമ്മദ് അൽ ഷറയുടെ പരിപാടി ആരംഭിച്ച സമയത്ത് ഷറയെ എതിർക്കുന്ന നിരവധി ബ്രിട്ടീഷ് സിറിയൻ പൗരന്മാർ ചാത്തം ഹൗസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡന്റ് ഒരു ഭീകരനാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്നും അവർ ആരോപിച്ചു.
Content Highlight: Syria’s President: We will not intervene in Iran-US war as long as we are targeted
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




