World
യുദ്ധത്തിനായല്ല സമാധാനത്തിനായാണ് പ്രവര്‍ത്തിക്കേണ്ടത്; ഇസ്രഈലുമായുള്ള വോഗ്‌സ് വാഗന്റെ കരാറിനെതിരെ ജര്‍മനിയില്‍ പ്രതിഷേധം
ബെര്‍ലിന്‍: ഇസ്രഈലുമായുള്ള വോഗ്‌സ് വാഗണിന്റെ കരാറിനെതിരെ ജര്‍മനിയിലെ ഓസ്‌നാബ്രൂക്കില്‍ വന്‍ പ്രതിഷേധം സംഘടപ്പിക്കാനൊരുങ്ങി സമാധാന സംഘടനകള്‍.
സാമാധാനത്തിനായി പ്രവര്‍ത്തിക്കുക, യുദ്ധത്തിനായല്ല എന്ന മുദ്രാവാക്യവുമായാണ് സംഘടനകള്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രതിഷേധ റാലി നടത്തുക.
ഇസ്രഈലിന്റെ ‘അയണ്‍ ഡോം’ മിസൈല്‍ പ്രതിരോധ സംവിധാനത്തിനാവശ്യമായ ലോഞ്ചറുകള്‍, ഭാരമേറിയ വാഹനങ്ങള്‍, ജനറേറ്ററുകള്‍ എന്നിവ നിര്‍മിക്കാന്‍ വോക്സ് വാഗണ്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
ഇസ്രഈലിന്റെ ആയുധ കമ്പനിയായ റാഫേലുമായാണ് വോക്‌സ് വാഗന്‍ ചര്‍ച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോമോട്ടീവ് മേഖലയുടെ അപകടകരമായ സൈനികവത്ക്കരണത്തിനും ആധുനിക അന്താരാഷ്ട്ര നിയമത്തിന്റെ അടിത്തറ പാകാന്‍ സഹായിച്ച 1648 ലെ വെസ്റ്റ്ഫാലിയ സമാധാനത്തിന്റെ ജന്മസ്ഥലമെന്ന നിലയില്‍ ഓസ്‌നാബ്രൂക്കിന്റെ പൈതൃകത്തോടുള്ള വഞ്ചനയ്ക്കും തുല്യമാണ് ഈ പദ്ധതികളെന്ന് സംഘാടകര്‍ പറയുന്നു.
മേഖലയില്‍ ഇതിനകം തന്നെ സൈനികവത്കരണം നടക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഓസ്‌നാബ്രൂക് പീസ് ഇനീഷ്യേറ്റീവ് വക്താവ് മേരി ഡൊമിനിക് ഗുയാര്‍ഡ് പറഞ്ഞു.
‘ഓസ്‌നാബ്രൂക്കിലെ വോക്‌സ് വാഗന്‍ യുദ്ധത്തിനായല്ല സമാധാനത്തിനായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഗുയാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
പ്ലാന്റ് പൂട്ടാതിരിക്കാന്‍ ആയുധങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദമായ ബസ്സുകളോ മറ്റ് പൊതുഗതാഗത വാഹനങ്ങളോ നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ 2027ല്‍ പൂട്ടാനിരിക്കുന്ന ഒസ്നാബ്രൂക്കിലെ കാര്‍ നിര്‍മാണ ശാലയെ ആയുധ നിര്‍മാണ യൂണിറ്റാക്കി മാറ്റാനാണ് നീക്കം. ഇത് ഏകദേശം 2,300 ജീവനക്കാരുടെ ജോലി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കമ്പനി വാദിക്കുന്നു.
സൈനിക ആവശ്യങ്ങള്‍ക്കായുളള ട്രക്കുകളും വാഹനങ്ങളും നിര്‍മിക്കുന്നത് കമ്പനിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് കമ്പനിയുടെ വോക്‌സ് വാഗന്‍ സി.ഇ.ഒ ഒലിവര്‍ ബ്ലൂം പറഞ്ഞു.
Content Highlight: We should work for peace, not war; Protest in Germany against Volkswagen’s deal with Israel
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




