എതിര്‍ പ്രചരണങ്ങള്‍ വിലപ്പോകില്ല; പൊന്നാനിക്കാരനായ എന്നെ നാട്ടുകാര്‍ക്കറിയാം | അഡ്വ. എം.കെ. സക്കീര്‍ സംസാരിക്കുന്നു
പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് എം.കെ. സക്കീറുമായി നടത്തിയ അഭിമുഖം
ചോദ്യം: പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് താങ്കള്‍. ഒരു സാധാരണ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനില്‍ നിന്നും ഭരണസംവിധാനങ്ങളുടെ തലപ്പത്തേക്കുള്ള ഈ വളര്‍ച്ചയെ എങ്ങനെ നോക്കിക്കാണുന്നു?
അഡ്വ. എം.കെ. സക്കീര്‍: എന്റെ വളര്‍ച്ച കേവലം വ്യക്തിപരമായ ഒന്നല്ല, മറിച്ച് പ്രസ്ഥാനം എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുടെ ഫലമാണ്. മാറഞ്ചേരി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയിലൂടെ തുടങ്ങിയ പൊതുപ്രവര്‍ത്തനമാണ്.
പൊന്നാനി എം.ഇ.എസ് കോളേജിലെ ആവേശകരമായ ക്യാമ്പസ് രാഷ്ട്രീയവും പിന്നീട് യുവജന പ്രസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങളും എനിക്ക് വലിയ അനുഭവങ്ങളായിരുന്നു. അഴിമതിരഹിതമായ നിലപാടുകളും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആഗ്രഹവുമാണ് എന്നെ നയിക്കുന്നത്.
എന്റെ വാപ്പ കുവ്വക്കാട്ടയില്‍ ബാവക്കുട്ടിയും ഉമ്മ സാറുവും സജീവ സി.പി.ഐ.എം പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു. അവര്‍ പകര്‍ന്നുതന്ന രാഷ്ട്രീയ ബോധം ഈ യാത്രയില്‍ എപ്പോഴും കരുത്തായിട്ടുണ്ട്.
അഡ്വ. എം.കെ. സക്കീര്‍
ചോദ്യം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായപ്പോള്‍ എന്ത് തോന്നി?
അഡ്വ. എം.കെ. സക്കീര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ രണ്ടി ഉത്തരവാദിത്തങ്ങളാണ് എന്നെ ഏല്‍പ്പിച്ചത്. പി.എസ്.സി ചെയര്‍മാനായിരുന്നപ്പോഴും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നപ്പോഴും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ 100 ശതമാനവും ചെയ്യാന്‍ കഴിഞ്ഞു എന്ന് ഞാന്‍ പൂര്‍ണമായി വിലയിരുത്തുന്നു.
ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്താല്‍ അയാളോട് ഒരു പരിഗണന എന്നും പ്രസ്ഥാനത്തിനുണ്ടാകും. ഞാനത് പൂര്‍ണ തോതില്‍ നിറവേറ്റിയതുകൊണ്ടാണ് പൊന്നാനി തെരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്.
ചോദ്യം: പി.എസ്.സി ചെയര്‍മാന്‍ എന്ന നിലയിലുള്ള താങ്കളുടെ പ്രവര്‍ത്തനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്തായിരുന്നു ആ കാലയളവിലെ താങ്കളുടെ പ്രധാന നേട്ടം?
അഡ്വ. എം.കെ. സക്കീര്‍: പി.എസ്.സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായ ‘ഡിജിറ്റലൈസേഷന്‍’ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചു എന്നതാണ് ഞാന്‍ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുതാര്യവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായിച്ചു.
അപേക്ഷാ നടപടികള്‍ ലളിതമാക്കിയതോടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സിസ്റ്റത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. അത് ഭരണരംഗത്തെ വിപ്ലവകരമായ മാറ്റമായിരുന്നു. വണ്‍ ടൈം രജിസ്‌ട്രേഷന്‍ സംവിധാനം, കുറ്റമറ്റ പരീക്ഷാ നടത്തിപ്പ്, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകള്‍ രണ്ട് ഘട്ടമായി നടത്തുന്നത്, കെ.എ.എസ് പരീക്ഷയുടെ നടത്തിപ്പ് തുടങ്ങി സാധ്യമാക്കിയ പരിഷ്‌കാരങ്ങള്‍ പലതാണ്. എങ്കിലും അഴിമതിക്കും കൈക്കൂലിക്കും പേരുകേട്ട കേരള പി.എസ്.സിക്ക് സദ്കീര്‍ത്തി നേടിക്കൊടുത്ത അഭിമാനവുമുണ്ട്.
ചോദ്യം: ഹൈക്കോടതി അഭിഭാഷകന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ എന്നീ നിലകളിലെ നിയമപരിചയം ജനപ്രതിനിധി എന്ന നിലയില്‍ താങ്കള്‍ക്ക് എത്രത്തോളം സഹായകരമാകും?
അഡ്വ. എം.കെ. സക്കീര്‍: തീര്‍ച്ചയായും വലിയ സഹായമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവില്‍ നിയമസഭയിലെ ‘കമ്മിറ്റി ഓണ്‍ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍’ അംഗമെന്ന നിലയില്‍ സഭ പാസാക്കുന്ന ചട്ടങ്ങളും ഉപനിയമങ്ങളും സൂക്ഷ്മമായി പരിശോധിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്.
നിയമനിര്‍മ്മാണ സഭയില്‍ ഒരു ബില്ല് അവതരിപ്പിക്കുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ കൃത്യമായി ബോധ്യപ്പെടാന്‍ അഭിഭാഷകവൃത്തി എനിക്ക് കരുത്തു നല്‍കുന്നു. സാധാരണക്കാരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും ശബ്ദമാകാന്‍ നിയമപരമായ ഈ അറിവ് വലിയ മുതല്‍ക്കൂട്ടാണ്.
അഡ്വ. എം.കെ. സക്കീര്‍
ചോദ്യം: പൊന്നാനിയുടെ വികസനത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
അഡ്വ. എം.കെ. സക്കീര്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പൊന്നാനിയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇന്ന് പൊന്നാനി അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുണ്ട്. തുറുവാണം പാലവും നിള ടൂറിസം പദ്ധതിയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ വികസന വേഗതയ്ക്ക് പുതിയ ദിശാബോധം നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം.
ചോദ്യം: വിജയിച്ചു കഴിഞ്ഞാല്‍ പൊന്നാനിക്കായി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന പദ്ധതികള്‍ ഏതൊക്കെയാണ്?
അഡ്വ. എം.കെ. സക്കീര്‍: പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്,
1. തീരസംരക്ഷണം: കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ അനുവദിച്ച 569 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. അത് തുടര്‍ന്നുകൊണ്ടുപോവാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍തന്നെ സ്വീകരിക്കും.
2. തുറമുഖ വികസനം: ഹാര്‍ബര്‍ നവീകരണവും കപ്പല്‍ നിര്‍മ്മാണ ശാലയുടെ പൂര്‍ത്തീകരണവും വഴി നാടിന്റെ സാമ്പത്തിക മേഖലയെ ഉണര്‍ത്തും. നിരവധി പേര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതായതിനാല്‍ പ്രത്യേക പ്രാധാന്യം അതിനു നല്‍കാന്‍ ശ്രമിക്കും.
3. ടൂറിസം & ഗതാഗതം: തുറുവാണം ദീപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും, കനോലി കനാല്‍ നവീകരിച്ച് ജലഗതാഗത സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. കൂടാതെ കോള്‍ കൃഷി മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും. നൂറണിത്തോട് വൃത്തിയാക്കുക വഴി കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. നൂറണി തോടിന്റെ നവീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കി നടപ്പിലാക്കും.
ചോദ്യം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജനങ്ങളില്‍ നിന്നുള്ള പ്രതികരണം എങ്ങനെയാണ്?
അഡ്വ. എം.കെ. സക്കീര്‍: വളരെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ പ്രവര്‍ത്തന പരിചയത്തിനും ജനങ്ങള്‍ വലിയ അംഗീകാരം നല്‍കുന്നുണ്ട്. ഇത്തവണ പൊന്നാനിയില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം വലിയ രീതിയില്‍ വര്‍ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രചരണത്തിനിടെ
തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നുണപ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ കോണ്‍ഗ്രസും എതിര്‍ സ്ഥാനാര്‍ത്ഥിയും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പൊന്നാനിക്കാരനായ എന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്.
സ്വന്തം താത്പര്യത്തിനോ നേട്ടത്തിനോ വേണ്ടി ഒരു പ്രവര്‍ത്തിക്കും മുതിരാത്ത ആളാണ് ഞാന്‍. പ്രസ്ഥാനം എന്നെ ഏല്‍പ്പിച്ച ജോലിയും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും മാത്രമാണ് എനിക്ക് മുന്നിലുള്ളത്. ഞാനത് കൃത്യമായി ചെയ്യുമെന്ന് നാട്ടുകാര്‍ക്ക് അറിവുള്ളതാണ്. അതിനാല്‍ നുണപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് നാട്ടുകാര്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
Content Highlight: Interview with Advocate M.K. Sakeer, LDF candidate from Ponnani




