കൊല്‍ക്കത്തയില്‍ പരിശോധനയ്ക്കായി നിലത്തിറക്കിയ ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിങ് വാഹനം ഇടിച്ചു; പരിക്കുകളില്ല
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി നിലത്തിറക്കിയ ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിങ് വാഹനം ഇടിച്ചു.
വിമാനത്തിന്റെ എഞ്ചിനിലാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചത്. കാറ്ററിങ് വാഹനത്തില്‍ ആളുണ്ടായിരുന്നില്ല. സാരമായ കേടുപാടുകള്‍ വിമാനത്തിന് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിമാനത്താവളത്തില്‍ പാര്‍ക്കിങ് ബേ നമ്പര്‍ 51 ലാണ് സംഭവം. 6E 6663 എന്ന വിമാനത്തിനാണ് ഇടിയേറ്റത്. കാറ്ററിങ് വാഹനം മുന്നോട്ട് നീങ്ങി വിമാനത്തിന്റെ എഞ്ചിനുമായി കൂട്ടിയിടിക്കുകയാണുണ്ടായത്.
വിമാനത്തിന്റെ സമഗ്രമായ പരിശോധനയും ആവശ്യമായ അറ്റക്കുറ്റ പണികളും നടക്കുകയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിമാനത്തിന് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കുക.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ട് പാസഞ്ചര്‍ എയര്‍ക്രാഫ്റ്റുകളുടെ ചിറകുകള്‍ തമ്മില്‍ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഉരസിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇന്‍ഡിഗോ ഫ്‌ളൈറ്റ് 6E 791 എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് Al 2732 എന്നിവയാണ് തമ്മിലുരസിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു.
Content Highlight: IndiGo flight lands in Kolkata for inspection after being hit by catering vehicle, no injuries




