World News
ഇറാന് ആയുധം നല്കിയാല് 50 ശതമാനം താരിഫ്; വീണ്ടും തീരുവ ആയുധമാക്കാന്‍ ട്രംപ്
വാഷിങ്ടണ്‍: ഇറാന് ആയുധങ്ങള്‍ വിതരണം ചെയ്ത് സൈനിക സഹായം നല്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതികള്‍ക്കും 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്.
‘ഇറാന് സൈനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഒരു രാജ്യം അമേരിക്കയിലേക്ക് അയയ്കുന്ന ഏതൊരു സാധനത്തിനും ഉടന്‍ തന്നെ 50 ശതമാനം തീരുവ ചുമത്തും. ഇത് ഉടനടി പ്രാബല്യത്തില്‍ വരും. ഇതില്‍ യാതൊരുവിധ ഒഴിവാക്കലുകളോ ഇളവുകളോ ഉണ്ടായിരിക്കുന്നതല്ല,’ എന്നാണ് ട്രംപ് തന്റെ പോസ്റ്റിലെഴുതിയത്.
ഇറാനില്‍ ‘വളരെ ഫലപ്രദമായ ഭരണമാറ്റം നടന്നതായും യുറേനിയം സമ്പുഷ്ടീകരണം ഇനി ഉണ്ടാകില്ലെന്നും മറ്റൊരു പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ ഈ വെല്ലുവിളിയുടെ നിയമസാധുതയും ചര്‍ച്ചയാകുന്നുണ്ട്. ഈ തീരുമാനം നടപ്പിലാക്കാന്‍ ട്രംപിന് ഏത് നിയമപരമായ അധികാരമാണുള്ളതെന്ന് വ്യക്തമല്ല.
അന്താരാഷ്ട്ര തലത്തില്‍ തീരുവ ചുമത്താന്‍ ട്രംപ് ഉപയോഗിച്ചിരുന്ന ‘ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്റ്റ്’ (ഐ.ഇ.ഇ.പി.എ) ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് തീരുവകള്‍ ഏര്‍പ്പെടുത്തിയതെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് കോടതി നടപടി.
ഇക്കാരണം കൊണ്ട് തന്നെ ട്രംപിന്റെ ഈ പുതിയ പ്രഖ്യാപനം ഒരു ‘വെറും ഭീഷണി’ മാത്രമാണെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍.
അവശ്യമായ നിയമപരമായ അധികാരമില്ലാതെ ഇത്തരം നടപടികള്‍ ഉടനടി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ എ ന്യൂ അമേരിക്കന്‍ സെക്യൂരിറ്റിയിലെ റേച്ചല്‍ സിയംബ വ്യക്തമാക്കി.
അതേസമയം, ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ഇറാനുമായി ആയുധ ഇടപാടുകള്‍ നടത്തുന്ന ചൈനയെയും റഷ്യയെയും ലക്ഷ്യം വെച്ചുള്ളതാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. ചൈനയില്‍ നിന്ന് മിസൈലുകളും എയര്‍ ഡിഫന്‍സ് സാങ്കേതികവിദ്യകളും ഇറാനിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, മെയ് പകുതിയോടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെ, ഇത്തരം കടുത്ത നടപടികള്‍ ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അറ്റ്ലാന്റിക് കൗണ്‍സിലിലെ ജോഷ് ലിപ്സ്കി അഭിപ്രായപ്പെട്ടു.
Content Highlight: Donald Trump threatens 50% tariffs on countries that supply Iran with weapons
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




