9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് 40 ദിവസമായി അടച്ചിട്ട അല്‍-അഖ്‌സ പള്ളി തുറന്ന് ഇസ്രഈല്‍

Date:



World


ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് 40 ദിവസമായി അടച്ചിട്ട അല്‍-അഖ്‌സ പള്ളി തുറന്ന് ഇസ്രഈല്‍

ജെറുസലേം: 40 ദിവസത്തിലേറെയായി അടച്ചിട്ട കിഴക്കന്‍ ജറുസലേമിലെ ചരിത്രപ്രസിദ്ധമായ അല്‍-അഖ്‌സ പള്ളി തുറന്ന് ഇസ്രഈല്‍.

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്നാണ് പള്ളി പൂര്‍ണമായും അടച്ചിട്ടിരുന്നത്. 2026 ഏപ്രില്‍ 9 വ്യാഴാഴ്ച പുലര്‍ച്ചെ കവാടങ്ങള്‍ തുറന്നതോടെ മൂവായിരത്തിലധികം വിശ്വാസികള്‍ പ്രഭാത (ഫജ്ര്‍) പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ഒഴുകിയെത്തി.

ദീര്‍ഘനാളത്തെ വിലക്കിന് ശേഷം പള്ളിയിലേക്ക് മടങ്ങിയെത്തിയ വിശ്വാസികള്‍ വികാരാധീനരായാണ് പള്ളിക്ക് മുന്നില്‍ കാത്തുനിന്നത്.

പള്ളി തുറക്കുന്നതിന് മുന്നോടിയായി വളണ്ടിയര്‍മാരും ജീവനക്കാരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 1967-ലെ ഇസ്രഈല്‍ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇത്രയും നീണ്ട കാലയളവില്‍ പള്ളിയില്‍ പ്രവേശനം നിരോധിക്കുന്നത്.

ഈ കാലയളവില്‍ റമദാന്‍, ഈദ് ഉല്‍-ഫിത്തര്‍, വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ എന്നിവ നടത്താന്‍ ഫലസ്തീനികള്‍ക്ക് സാധിച്ചിരുന്നില്ല. ക്രിസ്ത്യന്‍ വിശ്വാസികളുടെ പുണ്യസ്ഥലമായ ‘ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചറും’ ഇതേ കാലയളവില്‍ അടച്ചിട്ടിരുന്നു.

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാണ് അടച്ചുപൂട്ടലിന് കാരണമായി ഇസ്രഈല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഫലസ്തീനികള്‍ ഈ വാദത്തിനെതിരെ രംഗത്തെത്തിയിരുന്നു.

യുദ്ധസാഹചര്യത്തിലും ഇസ്രഈലിന്റെ വിവിധ ഭാഗങ്ങളില്‍ ജൂത മതവിഭാഗങ്ങളുടെ വലിയ ഒത്തുചേരലുകള്‍ അനുവദിച്ചിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. അല്‍-അഖ്‌സയുടെ മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിനായി ഇസ്രഈല്‍ യുദ്ധത്തെ ഉപയോഗിക്കുകയാണെന്ന് ഫലസ്തീന്‍ അധികൃതര്‍ ആരോപിച്ചു.

പള്ളി തുറന്നതിന് പിന്നാലെ തീവ്ര ദേശീയവാദികളായ ഇസ്രഈലികള്‍ സൈനിക സംരക്ഷണത്തോടെ റെയ്ഡുകള്‍ക്കെന്ന പേരില്‍ പള്ളിക്കുള്ളിലേക്ക് കടന്നുകയറുന്നത് പുനരാരംഭിച്ചിട്ടുണ്ട്. മുന്‍പത്തെ അപേക്ഷിച്ച് ഇത്തരം കടന്നുകയറ്റങ്ങളുടെ സമയം ഇസ്രഈല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

മുന്‍പ് പ്രവൃത്തിദിവസങ്ങളില്‍ ആകെ അഞ്ച് മണിക്കൂര്‍ (രാവിലെ 7-11, ഉച്ചയ്ക്ക് 1:30-2:30) ആയിരുന്ന റെയ്ഡ് സമയം, ഇപ്പോള്‍ ആറര മണിക്കൂറായി (രാവിലെ 6:30-11:30, ഉച്ചയ്ക്ക് 1:30-3:00) വര്‍ധിപ്പിച്ചു.

വിശ്വാസികള്‍ പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങുന്ന ഉടന്‍ തന്നെ തീവ്ര ഗ്രൂപ്പുകള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്.

പള്ളിയില്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും ആരാധനാ സമയം വിഭജിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ജെറൂസലേം ഗവര്‍ണറേറ്റ് പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 6ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ അടച്ചിട്ടിരുന്ന പള്ളി കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അല്‍-അഖ്‌സയുടെ ഭരണവും ആരാധനാക്രമവും നിശ്ചയിക്കുന്ന കരാര്‍ ഇസ്രഈല്‍ നിരന്തരം ലംഘിക്കുകയാണെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുമോ എന്നതില്‍ വ്യക്തതയില്ല.

Content Highlight: Al-Aqsa Mosque reopens after 40-day closure by Israel




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related