India
ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്ക് പോലുമില്ലാതെ കേന്ദ്രം; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ജോണ്‍ ബ്രിട്ടാസ്
ന്യൂദല്‍ഹി: രാജ്യത്ത് വിവിധ കാരണങ്ങളാല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്നതിനിടയിലും കൃത്യമായ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് വിമര്‍ശിച്ച് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആകെ കണക്കുകളല്ലാതെ വര്‍ഷവും സംസ്ഥാനങ്ങളും തിരിച്ചുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും, ലിംഗം, ജാതി (SC/ST/OBC/General) എന്നിവ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൃത്യമായ കണക്കുകള്‍ ലഭിച്ചില്ലെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ‘Accidental Death & Suicide in India’ (ADSI) റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനാണ് നിര്‍ദേശിച്ചത്. ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. പലപ്പോഴും ഈ ലിങ്ക് ‘No record found’ എന്നാണ് കാണിക്കുന്നത്. 2026 ആയിട്ടും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണെന്ന് ബ്രിട്ടാസ് ആരോപിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, പല പ്രധാന വിവരങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണം, അതിക്രമങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങള്‍ ലഹരി ഉപയോഗം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ പറയുന്നത്.
ഇതൊഴിവാക്കാന്‍ മനോദര്‍പ്പണ്‍, ടെലി-മനാസ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സിലിങ് സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ലെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.
അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ഈ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലും സര്‍ക്കാറിന് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വിദ്യാര്‍ത്ഥികളുടെ ജീവന് വില നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണെന്നും ജോണ്‍ ബ്രിട്ടാസ് എം.പി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ച മറുപടി ഉള്‍പ്പെടുത്തിയാണ് ബ്രിട്ടാസിന്റെ കുറിപ്പ്.
ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിംഗ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണ്? ഇതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും, ലിംഗം, ജാതി (SC/ST/OBC/General) എന്നിവ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 01.04.2026ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പ്രതിപാദിക്കുന്നുണ്ടെങ്കിലും, ആവശ്യപ്പെട്ട പല പ്രധാന വിവരങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ വര്‍ഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ ഈ മറുപടിയില്‍ നേരിട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. പകരം, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) പ്രസിദ്ധീകരിക്കുന്ന ‘Accidental Death & Suicide in India’ (ADSI) റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. പലപ്പോഴും ഈ ലിങ്ക് ‘No record found’ എന്നാണ് കാണിക്കുന്നത്. 2026-ല്‍ എത്തിനില്‍ക്കുമ്പോഴും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നു.
കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണം, അതിക്രമങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങള്‍ ലഹരി ഉപയോഗം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊഴിവാക്കാന്‍ മനോദര്‍പ്പണ്‍ (MANODARPAN) , ടെലി-മനാസ് (Tele-MANAS) , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല.
ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണ്. അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലും സര്‍ക്കാറിന് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വിദ്യാര്‍ത്ഥികളുടെ ജീവന് വില നല്‍കുക.
Content Highlight: Centre does not even have an accurate count of students who committed suicide; John Brittas says it is a challenge to democracy
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




