10
June, 2026

A News 365Times Venture

10
Wednesday
June, 2026

A News 365Times Venture

പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും കുതിച്ചുയര്‍ന്ന് ചൈനീസ് കയറ്റുമതി; മുന്‍ വര്‍ഷത്തെക്കാള്‍ 19.4 ശതമാനം വര്‍ധന

Date:



World


പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും കുതിച്ചുയര്‍ന്ന് ചൈനീസ് കയറ്റുമതി; മുന്‍ വര്‍ഷത്തെക്കാള്‍ 19.4 ശതമാനം വര്‍ധന

ബീജിങ്: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ആഗോള വിപണിയില്‍ തങ്ങളുടെ മേധാവിത്വം ആവര്‍ത്തിച്ച് ചൈന.

യു.എസ്-ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളി നേരിടുമ്പോഴാണ്, മെയ് മാസത്തില്‍ ചൈനയുടെ കയറ്റുമതി കുതിച്ചുയര്‍ന്നത്.

ചൊവ്വാഴ്ച പുറത്തുവിട്ട ചൈനീസ് കസ്റ്റംസ് ഡാറ്റ (ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന കസ്റ്റംസ്) പ്രകാരം, മെയ് മാസത്തില്‍ രാജ്യത്തിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19.4 ശതമാനം വര്‍ധിച്ച് 376.78 ബില്യണ്‍ യു.എസ് ഡോളറില്‍ എത്തി.

സാമ്പത്തിക ഡാറ്റാ ദാതാക്കളായ ‘വിന്‍ഡ്’ പോള്‍ ചെയ്ത വിദഗ്ധര്‍ പ്രവചിച്ച 12.39 ശതമാനത്തിന്റെയോ, വിപണി പ്രതീക്ഷിച്ച ഏകദേശം 15 ശതമാനത്തിന്റെയോ വളര്‍ച്ചാ നിരക്കുകളെക്കാള്‍ വളരെ ഉയര്‍ന്നതാണ് ഈ മുന്നേറ്റം.

കയറ്റുമതിക്ക് പുറമെ ചൈനയുടെ ഇറക്കുമതി രംഗത്തും വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ ഇറക്കുമതി 27.4 ശതമാനം വര്‍ധിച്ച് 271.35 ബില്യണ്‍ യു.എസ് ഡോളറിലെത്തി. ഇതും വിന്‍ഡ് പോളിലെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 20.15 ശതമാനത്തിലും മുകളിലാണ്.

ഇറക്കുമതിയും കയറ്റുമതിയും ഒരുപോലെ ഉയര്‍ന്നതോടെ ചൈനയുടെ വിദേശ വ്യാപാര മിച്ചം മുന്‍മാസങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നു. ഏപ്രിലില്‍ 84.82 ബില്യണ്‍ യു.എസ് ഡോളറായിരുന്ന വ്യാപാര മിച്ചം മെയ് മാസത്തില്‍ 105.43 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു.

എ.ഐ സാങ്കേതിക ഉത്പ്പന്നങ്ങളുടെ ആഗോള ആവശ്യകത വര്‍ദ്ധിച്ചതും, മുന്‍പുണ്ടായിരുന്ന ഉഭയകക്ഷി താരിഫ് യുദ്ധത്തിന് ശേഷം പ്രധാന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വീണ്ടെടുത്തതുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല ബീജിങ് സന്ദര്‍ശനം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യസ്ഥകള്‍ തമ്മിലുള്ള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്ന് വിപണി ഉറ്റുനോക്കുന്നതിനിടയിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.

അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതിയില്‍ മാത്രം വര്‍ഷം തോറും 35.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒപ്പം ആസിയാന്‍ , യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 7.6 ശതമാനവും 24.3 ശതമാനവും വര്‍ദ്ധിച്ചു.

വര്‍ഷത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചൈനീസ് കയറ്റുമതിക്ക്, മാര്‍ച്ചില്‍ യുദ്ധം മൂലവും യു.എസിന്റെ താരിഫ് തീരുമാനങ്ങള്‍ കാരണവും ചെറിയ മാന്ദ്യം നേരിട്ടിരുന്നുവെങ്കിലും മെയ് മാസത്തോടെ അത് പൂര്‍ണമായും മറികടക്കാന്‍ സാധിച്ചു.

അതേസമയം, ഹൈടെക് ഉത്പ്പന്ന നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ മൂലകങ്ങളുടെ കയറ്റുമതിയില്‍ ബീജിങ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇതിന്റെ കയറ്റുമതിയില്‍ വര്‍ഷം തോറും 6.39 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

ഹോര്‍മുസ് കടലിടുക്ക് അടച്ചതുള്‍പ്പെടെയുള്ള ഇറാന്‍ യുദ്ധസാഹചര്യങ്ങള്‍ കാരണം ആഗോളതലത്തില്‍ ചരക്കുകളുടെ ഒഴുക്ക് തടസ്സപ്പെടുകയും വില കുതിച്ചുയരുകയും ചെയ്തിരുന്നു. ഇത് ചൈനയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ബാധിച്ചു. മെയ് മാസത്തില്‍ എണ്ണ ഇറക്കുമതിയുടെ അളവില്‍ 29.01 ശതമാനം കുറവുണ്ടായെങ്കിലും, ഉയര്‍ന്ന വില കാരണം ഇറക്കുമതിച്ചെലവ് 15.31 ശതമാനം വര്‍ധിച്ച് 26.7 ബില്യണ്‍ യു.എസ് ഡോളറിലെത്തി.

ചൈനയുടെ സോയാബീന്‍ ഇറക്കുമതി 15.3 ശതമാനം ഇടിഞ്ഞ് 11.79 ദശലക്ഷം ടണ്ണായി ചുരുങ്ങി. എങ്കിലും, വൈറ്റ് ഹൗസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ മാസത്തെ ഉഭയകക്ഷി നേതാക്കളുടെ ഉച്ചകോടിയിലെ തീരുമാനപ്രകാരം 2028 വരെ പ്രതിവര്‍ഷം കുറഞ്ഞത് 17 ബില്യണ്‍ യു.എസ് ഡോളറിന്റെ യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചൈന സമ്മതിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കാര്‍ഷിക വ്യാപാരം വീണ്ടും ഉയരാന്‍ കാരണമായേക്കും.

‘കയറ്റുമതിയില്‍ ചൈന ഇപ്പോഴും അന്താരാഷ്ട്ര വിപണിയില്‍ അങ്ങേയറ്റം മത്സരക്ഷമതയുള്ളവരാണെന്നും ഉയര്‍ന്ന ആഗോള പണപ്പെരുപ്പം ഇതുവരെ ചൈനീസ് ഉത്പ്പന്നങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചിട്ടില്ലെന്നുമാണ് ഇത് കാണിക്കുന്നത്,’ നാറ്റിക്‌സിസിലെ ഏഷ്യ-പസഫിക് മേഖലയിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഗാരി എന്‍ജി വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം മിക്ക ആഗോള കറന്‍സികള്‍ക്കെതിരെയും ചൈനീസ് കറന്‍സിയായ റെന്‍മിന്‍ബിയുടെ മൂല്യം വര്‍ദ്ധിച്ചിട്ടും ചൈന ഈ ശക്തമായ വളര്‍ച്ച നിലനിര്‍ത്തി എന്നത് ശ്രദ്ധേയമാണെന്ന് പിന്‍പോയിന്റ് അസറ്റ് മാനേജ്മെന്റിന്റെ പ്രസിഡന്റും ചീഫ് ഇക്കണോമിസ്റ്റുമായ ഷാങ് ഷിവെയ് പറഞ്ഞു.

ഉത്പ്പന്നങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ചൈനയുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂല്യം വര്‍ഷം തോറും 27.4 ശതമാനം വര്‍ദ്ധിച്ചു. ചൈനയുടെ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ (മൈക്രോചിപ്പുകള്‍) കയറ്റുമതി അളവില്‍ 2.1 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചതെങ്കിലും, ആഗോള ഡിമാന്‍ഡ് കാരണം മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 110.9 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലും മൈക്രോചിപ്പുകള്‍ പ്രധാന ഘടകമായിരുന്നു.

Content Highlight: China’s exports soar in May despite war conditions

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സര്‍ക്കാരിന്റെ കൂറ് ഭരണഘടനയോടോ അതോ ആര്‍.എസ്.എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പിണറായി വിജയന്‍

  തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എം.ജി സര്‍വകലാശാലയെ കാവിപുതപ്പിക്കാനുള്ള...