മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണം ചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും.
മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും.
തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്പോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.