സ്‌ട്രെസും വിഷാദവും കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വിഷാദ രോഗവും ഉത്കണ്ഠയുമൊക്ക ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. മാനസികമായ പിരിമുറുക്കങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യസ്ഥിതിയെയും ബാധിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ലേറ്റ്, ഓട്‌സ്, വാള്‍നട്‌സ്, മുട്ട, ഉള്ളി എന്നിവയ്‌ക്കൊക്കെ വിഷാദരോഗത്തെ ചെറുക്കുവാനുള്ള കഴിവുണ്ട്. ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു.

കാല്‍സ്യം കൂടുന്നത് ന്യൂറേട്രാന്‍സ്മിറ്ററുകളെ ശരീരം പുറത്തുവിടാന്‍ സഹായിക്കും. ഉത്കണ്ഠ അലട്ടുന്നുണ്ടെങ്കില്‍ അല്‍പ്പം തൈര് കഴിക്കാവുന്നതാണ്. അത് നമ്മുടെ മാനസികനില മെച്ചപ്പെടുത്തുമെന്നും ചൈനയിലെ ഷാങ്‌ഗെയ് ജിയോ ടങ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം. കൂടാതെ ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പൊട്ടാസ്യം ആവശ്യമാണ്. പഴത്തില്‍ ടിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ്, കൂടാതെ ജീവകം എ, ബി 6, സി, നാരുകള്‍, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ അടങ്ങിയിരിക്കുന്നു.

ജീവകം B6, ട്രിപ്‌റ്റോഫാനിനെ സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ആയി മാറ്റാന്‍ സഹായിക്കുന്നു. ഈ ഹോര്‍മോണ്‍ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ധാന്യങ്ങള്‍, ചീര എന്നിവയ്ക്കും നമ്മുടെ മാനസിക നില മെച്ചപ്പെടുത്തുന്നതില്‍ പങ്കുണ്ട്. ധാന്യങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കും. നിരാശയോടൊപ്പം തളര്‍ന്ന ഒരു ശരീരം കൂടിയായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ജീവകം ബി യുടെ കുറവ് വിഷാദത്തിലേക്ക് നയിക്കും. ചീരയിലും ബ്രൊക്കോളിയിലും ഫോളേറ്റ്, ജീവകം B3,B6, B12 ഇവ അടങ്ങിയിട്ടുണ്ട്. ഇത് മൂഡ് മെച്ചപ്പെടുത്തും.

മാനസികോല്ലാസത്തിന് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക. പഴവര്‍ഗ്ഗങ്ങളിലടങ്ങിയിരിക്കുന്ന ഫൈബറും അയെണും ആന്റി ഓക്സിഡന്റുകളുമെല്ലാം ശരീരത്തെ സംരക്ഷിക്കും. സിങ്ക്, ജീവകം ബി, അയഡിന്‍, മൂഡ് മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതും മാനസിക പിരിമുറുക്കം കുറയ്ക്കും. ഓട്‌സും ചോക്ലേറ്റും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ഊര്‍ജ്ജത്തെ സാവധാനം മാത്രം പുറത്തു വിടുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാതുവായ സെലെനിയവും ഓട്‌സില്‍ ഉണ്ട്.

പതിവായി ചോക്കളേറ്റ് കഴിക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ചോക്കളേറ്റില്‍ അടങ്ങിയ നിരോക്‌സീകാരികള്‍ തലച്ചോറിലെ രക്തപ്രവാഹം കൂട്ടുന്നു. . വാള്‍നട്സ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും വിഷാദരോഗികളുടെ മറ്റ് അസ്വസ്ഥകളെ കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഉള്ളി കഴിക്കുന്നതിലൂടെയും വിഷാദരോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ചെറുക്കാം. ധാരാളം ആന്റി ഓക്സിഡന്റുകളുള്ളതിനാല്‍ കോശങ്ങള്‍ നശിച്ചുപോകുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉള്ളിക്ക് കഴിയും.