മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വ്യകതമാക്കുന്ന നിരവധി പഠനങ്ങൾ കാലാകാലങ്ങളായി പുറത്തു വന്നിട്ടുണ്ട്. നിങ്ങളുടെ ബിപി കൂട്ടാൻ ഒരൊറ്റ പെഗ് മതി എന്നും ഇത് ഹൃദയരോഗ്യത്തെ സാരമായി ബാധിക്കും എന്നുമാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കീഴിലുള്ള ഹൈപ്പർടെൻഷൻ (Hypertension) എന്ന ജേർണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്ക, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഉള്ള 20 നും 70 നും ഇടയിൽ പ്രായമുള്ള 19,500 ആളുകളിലാണ് പഠനം നടത്തിയത്.
”മദ്യം കഴിക്കാത്തവരെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നവരിൽ ദോഷകരമായ ഫലങ്ങളാണ് ഞങ്ങൾ കണ്ടെത്തിയത്. അമിതമായി മദ്യപിക്കുന്നവരിൽ രക്തസമ്മർദ്ദം വർധിക്കാനുള്ള സാധ്യത വളരെ കൂടുലാണ്. ഇവരെ അപേക്ഷിച്ച്, കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നവരിൽ കാലക്രമേണയാണ് രക്തസമ്മർദം കൂടുന്നത്. ഈ റിസൾട്ട് കണ്ട് ഞങ്ങൾ പോലും ആശ്ചര്യപ്പെട്ടു,” പഠനം നടത്തിയ മോഡേന സർവകലാശാലയിലെ എംഡിമാർക്കോ വിൻസെറ്റി, പ്രൊഫസർ റെജിയോ എമിലിയ എന്നിവർ പറഞ്ഞു. ശരാശരി അഞ്ച് വർഷത്തിലേറെയായി സ്ഥിരമായി മദ്യം കഴിക്കുന്നവരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷകർ താരതമ്യം ചെയ്തത്. ഒരു ദിവസം ശരാശരി 12 ഗ്രാം മദ്യം കഴിക്കുന്നവരിലെ (ഏകദേശം ഒരു ഗ്ലാസ് വൈനിന് തുല്യം) സിസ്റ്റോളിക് രക്തസമ്മർദ്ദം 1.25 മില്ലിമീറ്റർ മെർക്കുറി ലെവൽ (mmHg) വരെ വർദ്ധിച്ചതായി ഗവേഷകർ കണ്ടെത്തി.
ഒരു ദിവസം ശരാശരി 48 ഗ്രാം മദ്യം കഴിക്കുന്നവരിൽ ഈ അളവ് 4.9 mmHg ആയിരുന്നു. ”രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് മദ്യപാനം മാത്രമല്ല കാരണം. എങ്കിലും മദ്യം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്”, മാർക്കോ വിൻസെറ്റി കൂട്ടിച്ചേർത്തു.പതിവായി മിതമായ അളവിൽ മദ്യം കഴിക്കുന്ന ആളുകൾക്ക് അസാധാരണമായ താളത്തിൽ ഹൃദയമിടിപ്പ് ഉണ്ടാകുന്ന അവസ്ഥയായ ആട്രിയൽ ഫൈബ്രിലേഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് മുൻപ് കണ്ടെത്തിയിരുന്നു. ഏകദേശം 108,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഈ പഠന റിപ്പോർട്ട് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. മദ്യം കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ദിവസം ഒരു പെഗ് മാത്രം കഴിക്കുന്നവരിൽ ആട്രിയൽ ഫൈബ്രിലേഷന്റെ അപകടസാധ്യത 16% കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 14 വർഷത്തെ തുടർച്ചയായ വിലയിരുത്തലിനൊടുവിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 12 ഗ്രാം എഥനോൾ അടങ്ങിയ ഒരു ഡ്രിങ്ക് കഴിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ഒരു ചെറിയ (120 മില്ലി) ഗ്ലാസ് വൈൻ, ഒരു ചെറിയ ബിയർ (330 മില്ലി) അല്ലെങ്കിൽ 40 മില്ലി സ്പിരിറ്റ് എന്നിവയ്ക്ക് തുല്യമാണ്. വൈൻ പോലെയുള്ള വീര്യം കുറഞ്ഞ മദ്യത്തിന്റെ പതിവ് ഉപഭോഗം, ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ചില പഠനങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കുറഞ്ഞ അളവിൽ ആണെങ്കിലും ദിവസവും മദ്യപിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ ഉൾപ്പെടെ എല്ലാ ഹൃദയ, രക്തക്കുഴൽ രോഗ സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് മേൽപറഞ്ഞ പഠനം തെളിയിച്ചിട്ടുള്ളത്.