മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായതുകൊണ്ട് അതിന്റെ പരിപാലനത്തിലും സവിശേഷ ശ്രദ്ധയാവശ്യമാണ്.
പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്‌നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ തമ്മിലുള്ള സന്തുലനാവസ്ഥ തകരുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം മൂന്നിലൊന്നായി കുറയും. പൊതുവെയുള്ള ഇലാസ്തികതയും കുറയും. ഏറ്റവും ആന്തരികമായ കൊഴുപ്പിന്റെ സ്തരങ്ങള്‍ ക്ഷയിക്കുകയും മുകളില്‍ കട്ടികൂടുകയും ചെയ്യുന്നതുവഴി തൊലിക്ക് പൊതുവെ കട്ടി കൂടുതലായി തോന്നും. താപവ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തൊലിയുടെ കഴിവ് ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യും. ഇത്തരം പരിണാമങ്ങളോടൊപ്പം സൂര്യപ്രകാശം കൊണ്ടുള്ള വരള്‍ച്ച കൂടിയാകുമ്പോഴാണ് ചര്‍മത്തില്‍ പ്രായത്തിന്റേതായ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങുന്നത്.
Read Also : അച്ഛന് നക്‌സലൈറ്റ് ബന്ധമുണ്ടെന്നു പറഞ്ഞ് മുടങ്ങിപ്പോയ കല്യാണമാണ്; അച്ഛന്റെ മരണം സമ്മാനിച്ചത് ഒറ്റപ്പെടൽ: നിഖില വിമൽ
വൃദ്ധരില്‍ എണ്‍പത്തഞ്ചുശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് വരണ്ടതൊലി. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ അസ്വാസ്ഥ്യകരമായ ചൊറിച്ചിലനുഭവപ്പെടും. തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും വന്നു തുടങ്ങും. ഇത് പൊതുവെയുള്ള സൗന്ദര്യത്തെ ബാധിക്കുന്നതുകൊണ്ട് ചിലരില്‍ മാനസിക വൈഷമ്യങ്ങളും കണ്ടുവരാറുണ്ട്.
ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ സ്‌നിഗ്ധലായനികളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്. കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. കൈകൊണ്ട് തൊലിയുരസിക്കഴുകി കുളിക്കുന്നത് തൊലിയിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും സന്ധികളില്‍ കൂടുതല്‍ ബലമായി തടവുന്നത് തൊലിയുടെ സന്തുലനം കുറയ്ക്കാനിടയുണ്ട്.
അമിതഗന്ധമില്ലാത്തതും കൂടുതല്‍ കൊഴുപ്പടങ്ങിയതുമായ സോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചൂടുള്ള സൂര്യപ്രകാശം തട്ടുന്തോറും വൃദ്ധരുടെ ചര്‍മത്തിന്റെ ജലാംശം കുറയാനും വരണ്ടതൊലിയില്‍ ചൊറിച്ചില്‍ അധികമാകാനും ഇടയുള്ളതിനാല്‍ കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പരുത്തി വസ്ത്രം മാത്രം ഉപയോഗിക്കുക.