90 വയസ് വരെ തുടര്‍ച്ചയായി 74 വര്‍ഷം ജോലി ചെയ്യുക, അസുഖബാധിതയായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ജോലിക്കെത്തുക. യുഎസിലെ ടെക്‌സസിലെ ഒരു സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ മാസം വിരമിച്ച മെല്‍ബ മെബെയ്‌ന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. ജോലി സ്ഥലത്തേക്കുള്ള ട്രാഫിക് ദുസ്സഹമായതോടെയാണ് മെല്‍ബ ജോലിയില്‍ നിന്ന് വിരമിക്കാന്‍ തീരുമാനമെടുത്തത്.
”എല്ലാ ദിവസവും ജോലിക്കുപോകുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ സംതൃപ്തരാണെങ്കില്‍ അതില്‍ തുടരുന്നതില്‍ എന്താണ് കുഴപ്പം?”, സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മെല്‍ബ പറഞ്ഞു.
ഈ നവംബറില്‍ 91 വയസാകുന്ന മെല്‍ബ ടെക്‌സാസിലെ ഒരു സ്ഥാപനത്തില്‍ നിന്ന് സെയില്‍സ് അസോസിയേറ്റ് എന്ന പദവിയില്‍ നിന്ന് കഴിഞ്ഞമാസമാണ് വിരമിച്ചത്. ”വലിയ തുക ശമ്പളമായി ലഭിക്കുന്നത് കൊണ്ടുമാത്രം ഒരു ജോലി തിരഞ്ഞെടുക്കരുത്. പണം നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന ജോലി മാത്രം ചെയ്യുക. സന്തോഷം നല്‍കുന്ന സഹപ്രവര്‍ത്തകരുണ്ടാകുക എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്”, മെല്‍ബ പറഞ്ഞു. ”നിങ്ങളുടെ ബന്ധങ്ങളിലും നിക്ഷേപം നടത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്”, അവര്‍ കൂട്ടിച്ചേര്‍ത്തു.
Also read: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്ലാനുണ്ടോ? ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍
ഒട്ടേറെത്തവണ മാനേജര്‍ പദവി ലഭിക്കുന്നതിന് മെല്‍ബയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. ”മാനേജ്‌മെന്റ് എന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമല്ല. കാരണം, കടുപ്പമേറിയ തീരുമാനങ്ങള്‍ അവര്‍ എടുക്കേണ്ടി വരും. ജോലി സ്ഥലത്തെ എന്റെ സുഹൃത്തുക്കളെ എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ എന്റെ കൂടെ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍, മികച്ച സെയില്‍സ് പേഴ്‌സണ്‍ ആകുന്നതിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധയൂന്നിയത്”, അവര്‍ പറഞ്ഞു.
യുഎസിലെ മികച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ ഡില്ലാര്‍ഡ്‌സില്‍നിന്നാണ് മെല്‍ബ വിരമിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനവുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ച മെല്‍ബ കൂടുതല്‍ സമയം ജോലി ചെയ്യുന്നതിലും മടി കാണിച്ചിട്ടില്ല.
മുമ്പ് ഒപ്പം ജോലി ചെയ്ത ഒട്ടേറെപ്പേര്‍ മെല്‍ബയെ അവര്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന സ്ഥലത്ത് സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ആളുകളുമായി ഫോണില്‍ സംസാരിക്കാനും തന്റെ പേരക്കുട്ടികളെയും അവരുടെ മക്കളെയും സന്ദര്‍ശിക്കാനുമാണ് മെല്‍ബ ഇപ്പോള്‍ സമയം കണ്ടെത്തുന്നത്. തന്റെ ജോലിയില്‍ എന്തെങ്കിലും പാകപിഴകളുണ്ടായിട്ടുണ്ടോയെന്ന് എല്ലാ ആഴ്ചയില്‍ മെല്‍ബ പരിശോധിച്ച് നോക്കാറുണ്ട്. ഡില്ലാര്‍ഡ്‌സിലെ തന്റെ ജോലി ഏറ്റവും മികച്ച ജോലിയായിരുന്നുവെന്നും മെല്‍ബ പറയുന്നു.