മരിച്ചയാളുടെ മെനിസ്കസ് മറ്റൊരാളുടെ കാൽമുട്ടിൽ മാറ്റിവച്ചു; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത് സംസ്ഥാനത്ത് ആദ്യം
കൊച്ചി: മരിച്ചയാളുടെ കാൽമുട്ടിലെ മുട്ടുചിരട്ടയോട് ചേർന്ന് ജെൽ രൂപത്തിലെ ഭാഗം (മെനിസ്‌കസ്) മറ്റൊരാളിൽ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫിന്റെ (25) മുട്ടിലാണ് കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് സർജറി നടത്തിയത്.
മരണശേഷം ശരീരം ദാനംചെയ്ത വ്യക്തിയിൽ നിന്ന് ശേഖരിച്ച മെനിസ്കസാണ് സിവിൽ എഞ്ചിനീയറായ ജിനു ജോസഫിൽ ഘടിപ്പിച്ചത്. മുട്ട് സുഗമമായി വളയ്ക്കാൻ സഹായിക്കുന്നത് മെനിസ്‌കസാണ്.
യഥാർത്ഥ മെനിസ്‌കസിന്റെ സ്വാഭാവിക ഘടനയും പ്രവർത്തനവും ലഭിക്കുമെന്നാണ് ശസ്ത്രക്രിയയുടെ നേട്ടം. കാലിന്റെ ചലനശേഷി വീണ്ടെടുക്കാനും വേദനാരഹിതമായ ജീവിതം നയിക്കാനും ഇതിലൂടെ സാധിക്കും. കാൽമുട്ട് സന്ധി പ്രശ്നങ്ങളുള്ളവർക്ക് ദീർഘകാല ആശ്വാസം മനുഷ്യ മെനിസ്കസ് ഘടിപ്പിക്കുന്നതിലൂടെ ലഭിക്കും.
ഓർത്തോപീഡിക്‌സ് ഡയറക്ടറും ജോയിന്റ് റീപ്ലേസ്‌മെന്റ്, സ്‌പോർട്‌സ് മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം സുഗമമായി നടക്കാൻ സാധിക്കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികൾ വേദനയോ മറ്റ് പ്രയാസങ്ങളോ ഇല്ലാതെ ചെയ്യാനും കഴിയുന്നുവെന്നും ജിനു ജോസഫ് പറയുന്നു.
ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയതിൽ അഭിമാനമുണ്ടെന്നും 20 വർഷത്തെ ചരിത്രത്തിൽ നിരവധി നൂതന ചികിത്സകളിലും ശസ്ത്രക്രിയകളിലും ലേക്‌ഷോറിന്റെ മുന്നേറ്റം അഭിമാനാർഹമാണെന്നും വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ അബ്ദുള്ള പറഞ്ഞു.
മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെലവേറിയതായിരുന്നു, മെനിസ്‌കസ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. എന്നിരുന്നാലും, ഇത് നിലവിൽ ഇന്ത്യയിലെ കാഡവെറിക് ലാബുകളിൽ ലഭ്യമാണ്.
വിപിഎസ് ലേക് ഷോർ MD എസ് കെ അബ്ദുള്ള, ഓർത്തോപീഡിക് വിഭാഗം ഡയറക്ടർ ഡോ. ജേക്കബ് വർഗീസ് എന്നിവർക്കൊപ്പം ജിനു ജോസഫ്