30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

Health Tips | ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

Date:


പ്രത്യുത്പാദപ്രക്രിയയില്‍ മാത്രമല്ല, ഒരു സ്ത്രീയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവയാണ് അണ്ഡാശയ ഹോര്‍മോണുകള്‍. അണ്ഡാശയ ഹോര്‍മോണുകളില്‍ ഒന്നായ ഈസ്ട്രജന്‍ ന്യൂറോഎന്‍ഡോക്രൈന്‍ (നാഡികളും ഹോര്‍മോണുകളും ഉള്‍പ്പെടുന്ന വ്യവസ്ഥ), എല്ലുകള്‍, കൊഴുപ്പ് സൂക്ഷിക്കപ്പെടുന്ന കോശങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. കൗമാരകാലം തൊട്ട് ആര്‍ത്തവവിരാമം സംഭവിക്കുന്നത് വരെ ഉയര്‍ന്ന അളവിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്ത്രീകളുടെ ആരോഗ്യത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. ആര്‍ത്തവിരാമം, പ്രായമാകല്‍ എന്നിവ മൂലം സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇതോടെ ശരീരത്തിന് ഇത് നല്‍കുന്ന സംരക്ഷണം തകര്‍ക്കപ്പെടുകയും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നിര്‍ത്തുന്നതില്‍ ഈസ്ട്രജന്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പില്‍ ഓക്‌സീകരണം സംഭവിക്കാന്‍ സഹായിക്കുന്നതാണ് കാരണം. ആര്‍ത്തവിരാമം മൂലമോ ക്രമരഹിതമായ ആര്‍ത്തവം മൂലമോ ഈസ്ട്രജന്‍ നല്‍കുന്ന ഈ സംരക്ഷണത്തില്‍ മാറ്റം സംഭവിക്കുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നതോടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു. ഇവ പ്രത്യേകിച്ച് രക്തക്കുഴലുകളിലാണ് കൂടുതലായും അടിഞ്ഞുകൂടുന്നത്. രക്തക്കുഴലിന്റെ വ്യാസം കുറയുകയും രക്തപ്രവാഹത്തില്‍ തടസം നേരിടുകയും ചെയ്യും. ആര്‍ത്തവവിരാമത്തിന് ശേഷം ഇത്തരത്തില്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത ഏഴ് മടങ്ങാണ്.

Also read: ഫോസറ്റിന് ജീവന്റെ തുടിപ്പ്; അമേരിക്കയില്‍ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യനില്‍

രക്തക്കുഴലുകളുടെ സാധാരണപോലെ നിലനിര്‍ത്താനും പ്രവര്‍ത്തനം സുഗമമാക്കാനും ഈസ്ട്രജന്‍ സഹായിക്കുന്നുണ്ട്. ഇതിന് പുറമെ രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താനും ഈസ്ട്രജന്‍ ഹോര്‍മോണ്‍ സഹായിക്കുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവിരാമത്തിന് ശേഷം അമിതമായ രക്തസമ്മര്‍ദം മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതിനുള്ള കാരണവും ഇതാണ്.

ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ പൊണ്ണത്തടിയുണ്ടാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും രക്തക്കുഴലുകള്‍ സംബന്ധിച്ചുള്ള രോഗങ്ങള്‍ വര്‍ധിപ്പിക്കുയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിന് മുമ്പ് സ്ത്രീകളില്‍ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു. ആര്‍ത്തവിരാമത്തിന് ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതോടെ സ്ത്രീകളില്‍ പ്രമേഹസാധ്യത വര്‍ധിക്കുന്നതിന്റെ കാരണവും ഇതാണ്.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിവയെല്ലാം ചേര്‍ന്ന് മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥ സ്ത്രീകളിലുണ്ടാക്കുന്നു. ഇത് ഹൃദ്രോഗങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവ പിടിപെടാന്‍ കാരണമാകുന്നു. ആര്‍ത്തവവിരാമത്തിന് മുമ്പ് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഒരു സ്ത്രീയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചന. ആര്‍ത്തവ കാലഘട്ടങ്ങളില്‍ സ്ത്രീകള്‍ ആരോഗ്യപ്രദമായ ജീവിതശൈലി സ്വീകരിക്കേണ്ടതും ശരീരഭാരം ക്രമീകരിക്കേണ്ടതുമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ ആര്‍ത്തവവിരാമത്തിന് ശേഷവും ആരോഗ്യത്തോടെ തുടരാനും ജീവിതം മികച്ച രീതിയില്‍ ആസ്വദിക്കാനും സാധിക്കും.

(തയ്യാറാക്കിയത്: ഡോ. ജയശ്രീ നാഗരാജ് ഭസ്ഗി, ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റാണ് ലേഖിക)

Summary: How come irregular periods affect heart health in women

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related