ഫോസറ്റിന് ജീവന്റെ തുടിപ്പ്; അമേരിക്കയില്‍ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യനില്‍


ഹൃദ്രോഹബാധിതനായ യുഎസ് സ്വദേശിയില്‍ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ചു. ബാല്‍ട്ടിമോറിലെ ഡോക്ടര്‍മാരാണ് ജനിതകപരമായി മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവെച്ചതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ച അറിയിച്ചു.

58-കാരനും നാവികസേനാ ഉദ്യോഗസ്ഥനുമായിരുന്ന ലോറന്‍സ് ഫോസറ്റിനാണ് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. മേരിലാന്‍ഡിലെ ഫ്രെഡറിക് സ്വദേശിയായ ഇദ്ദേഹം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ബുധനാഴ്ചയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായതെന്നും ഇദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും മെഡിക്കല്‍ സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗുരുതരമായ ഹൃദ്രോഗവും മറ്റ് സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളുമുള്ള ഫോസറ്റിന് മനുഷ്യദാതാവിന്റെ അവയവങ്ങള്‍ മാറ്റിവെക്കുക സാധ്യമായിരുന്നില്ല. മറ്റ് വഴികളെല്ലാം അടഞ്ഞതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് പന്നിയുടെ ഹൃദയം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

ഇപ്പോള്‍ എനിക്ക് പ്രതീക്ഷ തോന്നുന്നുവെന്നും അവസാനം വരെ പോരാടുമെന്നും ശസ്ത്രക്രിയക്ക് മുമ്പ് ഫോസറ്റ് പറഞ്ഞു.

ഇത്തരത്തില്‍ പന്നിയുടെ ഹൃദയം മനുഷ്യരില്‍ മാറ്റിവെക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഡേവിഡ് ബെന്നറ്റ് എന്ന 57-കാരനിലാണ് ആദ്യമായി പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം ഇദ്ദേഹം മരണപ്പെട്ടിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം നന്നായി പ്രവര്‍ത്തിച്ചിരുന്നു. അവയവം ഡേവിഡിന്റെ ശരീരം നിരസിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. ഇത്തരം ചികിത്സാ രീതിയിലെ വലിയ അപകടങ്ങളിലൊന്നാണ് അത്.

ആദ്യ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് തന്നെയാണ് ഫോസറ്റിന്റെ ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കിയത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. മുഹമ്മദ് മുഹിയുദ്ദീന്‍ ഒപ്പമുണ്ടായിരുന്നു.

പലവിധ കാരണങ്ങള്‍ക്കൊണ്ടാണ് ആദ്യമായി പന്നിയുടെ ഹൃദയം മാറ്റിവെച്ച ബെന്നറ്റ് മരണപ്പെട്ടത്. പന്നികളില്‍ കണ്ടുവരുന്ന വൈറസിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ മാറ്റിവെച്ച ഹൃദയത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ മൃഗങ്ങളിലെ അവയങ്ങള്‍ മനുഷ്യരില്‍ മാറ്റിവെക്കുമ്പോള്‍ പുതിയ വൈറസുകള്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെടുമെന്ന ആശങ്ക ഇത് ഉയര്‍ത്തുന്നുണ്ട്. അതേസമയം, ഫോസറ്റില്‍ ഹൃദയം മാറ്റിവെക്കുന്നതിന് മുമ്പായി പോര്‍സൈന്‍ സൈറ്റോമോഗാലോവൈറസ് എന്ന ഈ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചതായും ബെന്നറ്റിന്റെ അവയവ മാറ്റ ശസ്ത്രക്രിയ സമയത്ത് ലഭ്യമല്ലാതിരുന്ന ആന്റിബോഡികള്‍ ഫോസറ്റില്‍ ഉപയോഗിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തനിക്ക് ആശുപത്രി വിട്ട് വീട്ടിലേക്ക് പോകാനായാല്‍ അതൊരു അത്ഭുതമാണെന്നും ഒരു വര്‍ഷത്തിലധികമോ മാസങ്ങളോ താന്‍ ജീവിച്ചിരുന്നാല്‍ അത് മറ്റൊരു അത്ഭുതം ആകുമെന്നും ശസ്ത്രക്രിയക്ക് മുമ്പ് ഫോസെറ്റ് പറഞ്ഞു.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കുന്നതിനും ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന അവയവങ്ങള്‍ മനുഷ്യശരീരം നിരസിക്കാതിരിക്കാനുമായി ജീന്‍ എഡിറ്റിങ്, ക്ലോണിങ് സാങ്കേതികവിദ്യ ഉള്‍പ്പടെയുള്ള വലിയ പരീക്ഷണങ്ങള്‍ അടുത്തകാലത്ത് നടത്തി വരുന്നുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് മനുഷ്യന്റെ അവയവങ്ങള്‍ ലഭ്യമാകാന്‍ വലിയ ക്ഷാമം നേരിടുന്നുണ്ട്.കഴിഞ്ഞ വര്‍ഷം, യുഎസില്‍ 4,100-ലധികം ഹൃദയം മാറ്റിവയ്ക്കല്‍ നടന്നിട്ടുണ്ട്, ഇത് സര്‍വകാല റെക്കോഡ് ആണെങ്കിലും അവയവ വിതരണം വളരെ കുറവാണ്. അവയവം മാറ്റിവെച്ചാലും ദീര്‍ഘകാല അതിജീവനത്തിനുള്ള വലിയ സാധ്യതയുള്ള രോഗികള്‍ക്ക് മാത്രമേ മനുഷ്യ അവയവം നല്‍കുകയുള്ളൂ.