സന്യാസിയും അതേസമയം ഗൃഹസ്ഥാശ്രമിയുമായ സാക്ഷാൽ പരമ ശിവൻ വാഴുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ


ഹൈന്ദവിശ്വാസ പ്രകാരം ധാരാളം ദേവി ദേവന്മാര്‍ ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു ദൈവിക രൂപമാണ് ശിവന്‍. ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരു മൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. ശിവം എന്നതിന്റെ അര്‍ത്ഥം മംഗളകരമായതെന്നാണ്. എന്നാല്‍ രൂപത്തില്‍ കാട്ടാള തുല്യനായും ഭാവത്തില്‍ കോപിഷ്ടനായും ഒരേ സമയം സന്യാസരൂപത്തിലുംഗൃഹസ്ഥാശ്രമിയുടെ ഭാവങ്ങളും കൈകൊള്ളുന്ന മറ്റൊരു ദേവനും ഹൈന്ദവ വിശ്വാസികള്‍ക്കിടയിലില്ല. മരണത്തെ പോലും ജയിക്കാന്‍ സാധിക്കുന്ന ശിവനെ ആരാധിക്കുന്നവര്‍ കൂടുതലാണ്.

ദക്ഷ പുത്രി സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണെന്നും പുരാണം പറയുന്നു.ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.

ശിവ പുരാണത്തെ അടിസ്ഥാനമാക്കി ശിവനെ പഠിക്കുകയാണെങ്കില്‍ ശിവന്‍ നല്ല ആളാണോ ചീത്ത ആളാണോ എന്ന് നിശ്ചയിക്കുവാന്‍ കഴിയുകയില്ല. സുന്ദര രൂപത്തോടൊപ്പം അതിഭീകരമായ സ്വഭാവമാണ് ശിവന് ശിവപുരാണത്തില്‍ നല്‍കിയിരിക്കുന്നത്. അമേധ്യം ദേഹത്ത് പുരട്ടി നടക്കുന്ന ദേവനായി ശിവ പുരാണം ശിവനെ വിശേഷിപ്പിക്കുന്നു.വൈരികള്‍ എല്ലാം ഒരുമിച്ചു താമസിക്കുന്ന ഇടമാണ് കൈലാസം. അവിടെ കുടുംബ കലഹമില്ലെന്നു മുത്തശ്ശിമ്മാര്‍ കഥകളിലൂടെ പറഞ്ഞുതരുന്നു. പാര്‍വതിയുടെ വാഹനം സിംഹം. ശിവന്റെ വാഹനം നന്ദിയെന്ന കാള. അതുപോലെ മൂഷിവാഹകനാണ് ഗണപതി. മയില്‍ പുറത്താണ് മുരുകന്‍റെ സഞ്ചാരം. പാമ്പ്‌ ശിവ ശരീരത്തില്‍ ആഭരണമായി കാണപ്പെടുന്നു. ജീവിത ചക്രത്തില്‍ ആഹാരമായും ശത്രുവായും മാറുന്ന ഈ ജന്തു ജാലങ്ങള്‍ ഒരു കുടുംബത്തിനുള്ളില്‍ കഴിയുന്നത് ഐക്യത്തിന്റെ വലിയൊരു തെളിവാണ്.

ശിവരൂപം

സന്യാസ രൂപത്തില്‍ ഉള്ള ശിവന്‍ ഒരു ചുടല കാറ്റില്‍ വസിക്കുന്ന രൂപമാണ് പുരാണങ്ങള്‍ കാണിക്കുന്നത്. കൈലാസത്തില്‍ പാര്‍വതിയോടോപ്പം ജീവിക്കുമ്പോഴും
കപർദ്ദം എന്നു പേരുള്ള ചുവന്ന ജടയില്‍ ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന്റെ ശിരസ്സിൽ ഗംഗയ്ക്കൊപ്പം ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ‘വിജയം’ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം.

മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല നിറത്തോടു കൂടിയ കഴുത്തില്‍ ധരിച്ച് ഭസ്മം മേലാകെ പൂശി നീല പുലിത്തോലും ഉടുത്തതാന് ശിവന്‍. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങള്‍

ത്രിമൂര്‍ത്തികളില്‍ സംഹാരമൂര്‍ത്തിയായ ശിവന്‍ പ്രധാന പ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. അവയില്‍ 108 ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയത് വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരു അവതാരമായ പരശു‌രാമനാണെന്നാണ് പൊതുവായ വിശ്വാസം. 108 ശിവാലയങ്ങള്‍ എ‌ന്നാണ് ഈ ക്ഷേ‌ത്രങ്ങള്‍ അറിയപ്പെടുന്നത്.

മമ്മിയൂര്‍ മഹാദേവ ക്ഷേത്രം
ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.

ശ്രീ വടക്കുംനാഥ ക്ഷേത്രം
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കവിയൂര്‍ മഹദേവ ക്ഷേത്രം
കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൂറ് വര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേ‌ത്രം
ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്.

തിരുനക്കര മഹാദേവ ക്ഷേത്രം
പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ കൂത്തമ്പലത്തിലാണ്.ക്ഷേത്രത്തിന്റെ ചുവരുകള്‍ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രം കാണാനും ദര്‍ശനം നടത്താനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്.

വൈക്കം മഹാദേവ ക്ഷേത്രം
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

രാ‌ജ‌രാജേശ്വ‌രി ക്ഷേത്രം
കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ മറ്റൊരു പേരായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് “ദേവപ്രശ്നം” വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു.

കൊട്ടിയൂര്‍ ശിവക്ഷേത്രം
പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു.

അക്ലിയത്ത് ശിവ ക്ഷേത്രം
ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വി‌ശ്വസിക്കപ്പെടുന്ന ഈ ‌ശിവ ക്ഷേ‌ത്രം കണ്ണൂര്‍ ജില്ലയിലെ വന്‍കുളത്താണ് ‌സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്ര‌‌തിഷ്ഠിച്ചിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.

അഞ്ചുമൂര്‍ത്തി മംഗലം ക്ഷേത്രം
കേരളത്തിലെ 108 ശിവാല‌യങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം പാലക്കാട് ജില്ലയിലെ ആല‌ത്തൂരിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വി‌ശ്വാസം.

ആടാട്ട് മഹാദേവ ക്ഷേത്രം
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം ‌തൃശൂര്‍ ജില്ലയിലെ അടാട്ട് ആണ് സ്ഥിതി ചെയ്യുന്നത്.

അന്നമനട മഹാക്ഷേത്രം
ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്ര‌‌തിഷ്ഠിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചാലക്കുടിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
പരശുരാമന്‍ സ്ഥാപിച്ച 108 ‌ശിവക്ഷേത്രങ്ങളില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാ‌‌റ്റിന്‍ കരയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അയ്മുറി മഹാദേവ ക്ഷേത്രം
കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം എറണാകുളം ജില്ലയിലാ‌ണ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരിനടുത്ത് പെരുമ്പാവൂര്‍ – കോടനാട് റൂട്ടിലാണ് അയ്മുറി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുവൈരാണിക്കുളം
സദാശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളുവന്നതാണ് ഇവിടത്തെ പ്രത്യേകത. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു.

ആഴിമല ശിവ ക്ഷേത്രം
പാറക്കെട്ടുകള്‍ക്ക് പിന്നില്‍ ഉയര്‍ന്ന സ്ഥലത്താണ് പ്രസിദ്ധമായ ആഴിമല മഹാദേവ ക്ഷേത്രം. കുടുംബസ്ഥനായ പരമശിവനാണ് പ്രതിഷ്ഠ. ശ്രീകോവിലിന് ഇടത്തും വലത്തുമായി ശ്രീപാര്‍വതിയുടേയും ഗണപതിയുടെയും ശ്രീകോവിലുണ്ട്. ദിവസേന നിരവധി ഭക്തര്‍ എത്തുന്ന ക്ഷേത്രത്തില്‍ കടലിന് അഭിമുഖമായി പരമശിവന്റെ കൂറ്റന്‍ പ്രതിമയുടെ പണി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞം ആഴിമലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.