ശിവന് ശയനം ചെയ്യുന്ന ഒരു അപൂര്‍വ്വ ക്ഷേത്രമാണ് പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം. തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. ഇത് ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ ‘പള്ളികൊണ്ടേശ്വര്‍’ എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. നിരവധി ഭക്തരാണ് ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിനായി എത്തുന്നത്.
ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം ആരംഭിക്കുന്നത് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുന്ന സമയത്താണ്. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിക്കുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്തു.
അങ്ങനെ ശിവന്‍ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അതോടെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.
ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ ‘സുരരര്‍പള്ളി’ എന്നും പിന്നീട് ഈ സ്ഥലം ‘സുരട്ടുപള്ളി’ എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്.
വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.