പ്രമേഹമുള്ളവര്‍ ജീവിതരീതികളില്‍ പ്രത്യേകിച്ച് ഭക്ഷണത്തില്‍ നല്ലരീതിയിലുള്ള നിയന്ത്രണം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ചില ഭക്ഷണങ്ങള്‍ ഇങ്ങനെ ഡയറ്റില്‍ നിന്ന് പരിപൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടി വരാം. ഒപ്പം തന്നെ ഷുഗര്‍ കുറയ്ക്കുന്നതിനായി ചില ഭക്ഷണ-പാനീയങ്ങള്‍ അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതുമാണ്.
ഇത്തരത്തില്‍ പ്രമേഹമുള്ളവര്‍ക്ക് രാവിലെ കഴിക്കാവുന്ന ചില ‘ഹെല്‍ത്തി’ പാനീയങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
പ്രമേഹമുള്ളവരോട് മിക്കവരും കഴിക്കാൻ നിര്‍ദേശിക്കുന്നതാണ് പാവയ്ക്ക ജ്യൂസ്. തീര്‍ച്ചയായും ഇത് തന്നെയാണ് രാവിലെ കഴിക്കാവുന്ന ഒരു ‘ഹെല്‍ത്തി ഡ്രിങ്ക്’. കാരണം, രാവിലെ കഴിക്കുമ്പോള്‍ ഇതിനുള്ള ഫലം കൂടുതല്‍ പ്രയോജനപ്പെടാം. കഴിയുന്നതും വെറുംവയറ്റില്‍ ആണ് പാവയ്ക്ക ജ്യൂസ് കഴിക്കേണ്ടത്. ഇത് നല്ലതുപോലെ ഷുഗര്‍ കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പും കാര്‍ബും കലോറിയുമെല്ലാം പാവയ്ക്കയില്‍ കുറവാണ്. ധാരാളം ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയിട്ടുമുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.
ഉലുവ വെള്ളമാണ് രണ്ടാമതായി ഈ ലിസ്റ്റില്‍ വരുന്നത്. രാത്രി തന്നെ ഉലുവ വെള്ളത്തില്‍ കുതിരാനിടണം. ഈ വെള്ളമാണ് രാവിലെ അരിച്ചെടുത്ത ശേഷം കഴിക്കേണ്ടത്. ഒരുപാട് പോഷകങ്ങള്‍ ഇതുവഴി നേടാനാവും. ഒപ്പം ഷുഗറും കുറയ്ക്കാം.
കറുവപ്പട്ടയിട്ട ഗ്രീൻ ടീ ആണ് പ്രമേഹരോഗികള്‍ക്ക് രാവിലെ കഴിക്കാവുന്ന മറ്റൊരു ‘ഹെല്‍ത്തി ഡ്രിങ്ക്’. പ്രമേഹരോഗികള്‍ക്ക് മധുരം ഒഴിവാക്കേണ്ടതുണ്ടല്ലോ,, അതിന് പകരമായി കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. കറുവപ്പട്ടയുടെ നേരിയ മധുരം പ്രയോജനപ്പെടും. ഇത്തരത്തില്‍ കറുവപ്പട്ട ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. ഷുഗര്‍ കുറയ്ക്കാൻ മാത്രമല്ല പ്രമേഹത്തോട് അനുബന്ധമായി വരുന്ന ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാനും കറുവപ്പട്ടയുടെ സവിശേഷതകള്‍ സഹായിക്കും. ഗ്രീൻ ടീയുടെ ഗുണങ്ങളും ഇതിനോടൊപ്പം തന്നെ ലഭിക്കും.