കമ്മ്യൂണിസമാണ് എന്റെ രാഷ്ട്രീയമെന്നു പറയുന്ന സെലിബ്രിറ്റികൾക്ക് ഇല്ലാത്ത എന്ത്‌ സോഷ്യൽ ഓഡിറ്റിങ്ങാണ് ചിത്ര നേരിടേണ്ടത്?


അയോദ്ധ്യയിൽ രാമ പ്രതിഷ്ഠ നടക്കുന്ന ദിവസം വീട്ടിൽ വിളക്ക് കൊളുത്തി, രാമ നാമം ജപിക്കുന്നതു നല്ലതാണെന്നും എല്ലാ വിശ്വാസികളും അത് ചെയ്യണമെന്നും ഗായിക ചിത്ര അഭിപ്രായപ്പെട്ടതിനു പിന്നാലെ ചിത്രയ്ക്ക് നേരെ സൈബർ ആക്രമണം നടക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.

പോസ്റ്റ് പൂർണ്ണ രൂപം

ഇന്നലെ വരെ കേരളീയ സമൂഹത്തിൽ ഏറ്റവും അഭിമതയായൊരു ഗായിക ഒരു രാവ് ഇരുട്ടി വെളുത്തപ്പോഴേക്കും അനഭിമതയും നന്ദികേടിന്റെ പര്യായമായും മാറിയിരിക്കുന്നു. എത്ര വേഗത്തിലാണ് അവർ ഇടതുപക്ഷ ബുദ്ധിജീവി ഇടങ്ങളിൽ ബുദ്ധിയും ബോധവും ഇല്ലാത്ത കേവലം ഒരു puppet എന്ന നരേറ്റീവ് കൊണ്ട് ചിത്രീകരിക്കപ്പെട്ടതെന്ന് നോക്കൂ!!

read also: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പ്രത്യയശാസ്ത്രത്തിന്റെ ചുവപ്പൻ കണ്ണടയിലൂടെ നോക്കിയപ്പോൾ, തത്വസംഹിതകളുടെ തുലാസ്സിൽ വച്ചളന്നപ്പോൾ അവർക്ക് അഭിപ്രായസ്വാതന്ത്ര്യമില്ലാതെയായി.അവരുടെ വിശ്വാസം വിവരക്കേടായി.
ഒട്ടും മനസ്സിലാവാത്ത ഒരു കാര്യമാണ്; അല്ല സംശയമാണ്. ഇവിടെ ഈ കേരളത്തിൽ ആശയസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒരു കൂട്ടരുടെ മാത്രം പ്രിവിലേജാണോ എന്നത്. നാരീശക്തി വേദിയിൽ പ്രധാനമന്ത്രിയെ കുറിച്ച് നല്ല രണ്ട് വാക്ക് പറഞ്ഞുപ്പോയ കുറ്റത്തിന് നടി ശോഭന നേരിട്ട സൈബർ ബുള്ളിയിങ് കാണിച്ചു തരുന്നുണ്ട് ഇവിടുത്തെ പ്രബുദ്ധത. ഇപ്പോഴിതാ പ്രാണപ്രതിഷ്ഠ ചടങ്ങിൽ നില വിളക്ക് കൊളുത്തി രാമനാമ ജപം ചെയ്യണമെന്ന് ഒരു വീഡിയോയിൽ പറഞ്ഞ ഗായിക ചിത്രാമ്മയ്ക്ക് എതിരെയായി വാളോങ്ങൽ !!

യശ:ശരീരരായ ശ്രീ മുരളിയും ഓ.എൻ.വി കുറുപ്പ് സാറും ചെങ്കൊടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോൾ, തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ഇതാണെന്ന് ഉറക്കെ പറഞ്ഞപ്പോൾ ഇവിടെ എതിർചേരിയിൽ എത്രപേർ അവരെ താറടിച്ചു കാണിച്ചു? ആരുമില്ല!! ക്രൂരനായ സ്റ്റാലിന്റെയും മാവോയുടെയും കമ്മ്യൂണിസം ഫോളോ ചെയ്യുന്നത് കൊണ്ട് അവരും ക്രൂരരാണ് എന്ന നരേഷൻസ് ഉണ്ടായോ? ശരി, അന്ന് സോഷ്യൽ മീഡിയ കാലം അല്ല എന്ന് വയ്ക്കാം.

സോഷ്യൽമീഡിയ സജീവമായ സമയത്ത് ശ്രീ.ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും അതേ പാർട്ടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോഴും അവർക്ക് വേണ്ടി താരരാജാക്കന്മാർ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നപ്പോഴും അതിന്റെ പേരിൽ ഇവിടെ ഒരു സോഷ്യൽ ഓഡിറ്റിങ് എതിർച്ചേരി നടത്തിയോ? ഇല്ല. അന്ന് അതെല്ലാം ഇടത് പ്രത്യയശാസ്ത്രത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നത് ജനാധിപത്യ പ്രക്രിയയിലെ അഭിപ്രായസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ വ്യക്തിസ്വാതന്ത്ര്യമായിട്ട് അല്ലേ??ഇടത് പക്ഷത്തിന് ഒപ്പം നടക്കുമ്പോൾ മാത്രം സെലിബ്രിറ്റീസ് ബുദ്ധിയും ബോധവും വെളിവും ഉള്ളവർ. റിമ, പാർവ്വതി, നിമിഷ മുതൽ ഗായത്രി വർഷയ്ക്ക് വരെ ഇവിടെ ഉറക്കെ ഉറക്കെ തങ്ങളുടെ രാഷ്ട്രീയം പറയാം. അതേ വ്യക്തി സ്വാതന്ത്ര്യ രാഷ്ട്രീയം പക്ഷേ സുരേഷ് ഗോപി മുതൽ അനുശ്രീ വരെ പറയാൻ പാടില്ല. പറഞ്ഞാൽ ഉടൻ വംശഹത്യ സപ്പോർട്ടർ മുതൽ വർഗ്ഗീയവാദി ചാപ്പയടി സ്റ്റിക്കർ!!

ബംഗാളിൽ കമ്മ്യൂണിസം ഭരിച്ചപ്പോൾ കാണിച്ച കാട്ടാളത്തരം വച്ച് ഓഡിറ്റിങ് നടത്താൻ തുടങ്ങിയാൽ ഇന്ന് ഇടത് പക്ഷത്തിനു സപ്പോർട്ട് ചെയ്ത് കൂടെ നടക്കുന്ന എല്ലാ സാംസ്‌കാരിക നായകരും താരങ്ങളും ഒക്കെ കൊടിയ സാമൂഹ്യ ദ്രോഹികളും ഫാസിസ്റ്റ് ആശയവാഹകരും എന്ന് പറയേണ്ടി വരില്ലേ? അവിടെ നടന്ന കുറച്ച് നരഹത്യകളുടെ നീണ്ട ലിസ്റ്റ് തരട്ടെ? സ്വതന്ത്രഭാരതത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു പശ്ചിമബംഗാളിലെ മാരിജ്ചാപിയിൽ അരങ്ങേറിയത് .വിഭജനാനന്തരവും, 1971 ലെ ബംഗ്ലാദേശ് രൂപീകരണത്തോടെയും അഭയാർത്ഥികളായി പശ്ചിമ ബംഗാളിൽ എത്തിയ മനുഷ്യരെ വെട്ടി അരിഞ്ഞു തീർത്ത കമ്മ്യൂണിസ്റ്റ് ഭീകരതയോളം കൊടിയ ഒന്ന് വേറെയുണ്ടോ?

1981ൽ കൊൽകൊത്തയിൽ ആനന്ദമാർഗ്ഗി സന്യാസിമാരെ ചുട്ടുകൊന്ന കിരാതത്വം എന്തേ ഈ സെലിബ്രിട്ടികൾ വായിച്ചിട്ടില്ലേ? അറിഞ്ഞിട്ടില്ലേ? 2000 ൽ നടന്ന നാനൂർ കൂട്ടക്കൊലയെ കുറിച്ച് കേൾക്കാതെ ആണോ കമ്മ്യൂണിസം എന്നാൽ മാനവികത എന്ന് ഇടതോരം ചേർന്നു നടക്കുന്ന പ്രമുഖർ പറയുന്നത്? 2007 ലെ നന്ദിഗ്രാം കുരുതിയെ കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും കമ്മ്യൂണിസമാണ് എന്റെ രാഷ്ട്രീയം എന്ന് ഉറക്കെ പറയുന്ന സെലിബ്രിറ്റികൾക്ക് ഇല്ലാത്ത എന്ത്‌ സോഷ്യൽ ഓഡിറ്റിങ് ആണ് ശ്രീമതി ശോഭനയും ചിത്രാമ്മയും നേരിടേണ്ടത്? അതും അവർ ഇരുവരും ഈ നിമിഷം വരെ തങ്ങൾക്ക് ഒരു രാഷ്ട്രീയം ഉണ്ടെന്ന് പറയാത്ത സാഹചര്യത്തിൽ!!!

നാഴികയ്ക്ക് നാല്പത് വട്ടം അഭിപ്രായസ്വാതന്ത്ര്യം ഞങ്ങളുടെ മതം എന്ന് വാവിട്ടലറുന്നവർക്ക് ചിത്രാമ്മയുടെ വീഡിയോ കണ്ടിട്ട് സഹിക്കുന്നില്ലെങ്കിൽ അതിന്റെ പേരല്ലേ ഫാസിസം.? ജനാധിപത്യ ഇന്ത്യയിൽ ഏതൊരാൾക്കും ഏതൊരു വിശ്വാസപ്രമാണത്തിലും ആകൃഷ്ടനാകാനും അത് ഉറക്കെ പറയാനും റൈറ്റ് ഉണ്ടെന്നിരിക്കെ അവരുടെ ആ വീഡിയോ കാണുമ്പോൾ നിങ്ങൾക്കെന്തിന് ഈ അസഹിഷ്ണുത മനുഷ്യരേ ? അതിൽ ഭീഷണിയുടെ സ്വരമോ ചെയ്തേ തീരൂ എന്ന തിട്ടൂരവും ഇറക്കിയോ? അങ്ങനെ ചെയ്തില്ലെങ്കിൽ നാളെ മുതൽ തൊഴിലുറപ്പ് ജോലിക്ക് വരേണ്ട എന്നോ ശമ്പളം കട്ട് ചെയ്യും എന്നോ പറഞ്ഞോ??

അഭിപ്രായ സ്വാതന്ത്ര്യം , ആശയ സ്വാതന്ത്ര്യം എന്നൊക്കെ ഉരുളയാക്കി ഉരുട്ടി നാലു നേരം മൃഷ്ടാന്നഭോജനം കഴിക്കുന്നവരാണ് ഒരു സ്ത്രീയുടെ വീഡിയോ വരുന്ന വാർത്തകൾക്ക് കീഴേ പായ വിരിച്ചു കിടന്ന് അപഹസിക്കുന്നത്. ഇതാണോ നിങ്ങളുടെ സ്ത്രീപക്ഷവാദം. ?
സ്ത്രീസുരക്ഷയ്ക്കായി ഇഷ്ടിക ചുട്ട് , അത് ചുമന്ന് മതിലു കെട്ടിയവരാണ് എന്നതാണ് ഏറ്റവും വലിയ കോമഡി.

ഈ ഇട്ടാവട്ടം നാട്ടിൽ മാത്രം അറിയപ്പെടുന്ന റിമ കല്ലിംഗൽ കൊച്ചിലെ കിട്ടാത്ത പൊരിച്ച മീനിന്റെ കൊതിക്കെറുവ് പറഞ്ഞാൽ അത് നിലപാട്.!! ഇടത് മേലാളന്മാർക്കൊപ്പംപി ആർ വർക്കിന്റെ ഭാഗമായി മോക്ക് ഡ്രാമയായ രാത്രി സഞ്ചാരം നടത്തിയാൽ അത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ പാർവ്വതിയും നിമിഷയും തങ്ങളുടെ രാഷ്ട്രീയ ചായ്വ് ഉറക്കെപ്പറഞ്ഞാൽ അത് നിലപാട്. എന്നാൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരിയും നർത്തകിയും ആയ ശോഭന പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടാൽ അത് ബുദ്ധിശൂന്യത !! ഇന്ത്യ മുഴുവൻ ആദരിക്കുന്ന ഗായിക രാമജപം പാടി വിളക്ക് കത്തിക്കണേ എന്ന് അഭ്യർത്ഥിച്ചാൽ അത് ഭീകരമായ പാതകം!!

നമ്മളിട്ടാൽ അത് മുട്ടോളമുള്ള കാലുറയും മറ്റുള്ളവർ ഇടുമ്പോൾ വള്ളിനിക്കറുമാകുന്ന ദാറ്റ് സെയിം ബർമുഡ തിയറി ഇനിയെങ്കിലും മാറ്റി പിടിച്ചു കൂടേ മനുഷ്യരേ ?ഇങ്ങനെ പണ്ടേയ്ക്കും പണ്ടേ പലർക്കും ഇതേ പോലെ സംഘി ചാപ്പ കുത്തി കുത്തിയാണ്, വിശ്വാസം ഉറക്കെ പറയുന്ന ഹിന്ദുക്കളെ മൊത്തം കാവിക്കാരാക്കി പരിഹസിച്ചു പരിഹസിച്ചു ഒടുക്കം എന്തായി? ബിജെപി എന്ന പാർട്ടി രണ്ടിൽ നിന്നും 312 ൽ എത്തി. രണ്ട് വട്ടം തുടർച്ചയായി ഇന്ത്യയുടെ ഭരണസാരഥികളായി. ഇനിയും അതിനായി ഒരുങ്ങുന്നു. തിരിച്ചോ? 85ൽ നിന്നും 5 ലേയ്ക്ക് നടുവ് ഒടിഞ്ഞു വീണ് കൊണ്ട് പ്രാദേശിക പാർട്ടിയായി മാറി 🤣അത്രേ ഉള്ളൂ!!

NB :സന്ധ്യയായി, വിളക്ക് കൊളുത്തി രാമ നാമം ജപിക്കാൻ സമയമായി. അകതാരിൽ ചിത്രച്ചേച്ചി നാരായം സിനിമയ്ക്ക് വേണ്ടി പാടിയ ആ പാട്ട് നിറഞ്ഞൊഴുകുന്നു!!
ശ്രീരാമ നാമം ജപസാര സാഗരം
ശ്രീ പാദ പത്മം ജനി മോക്ഷദായകം
സരയൂ നദി പോൽ തിരയിടും ആത്മാവിൽ
ശ്രീരാമ നാമം ജപസാര സാഗരം.
ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
രാമായണം സ്വരസാന്ദ്രമായ്
കവിമുനിയോതിയോ വനമലർ കേട്ടുവോ
കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി!!