ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ പണമിടുന്നതിന് പിന്നിലെ ഐതീഹ്യവും വസ്തുതകളും



ആരാധനാലയങ്ങളില്‍, പ്രത്യേകിച്ചു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം നിത്യകാഴ്ചയാണ്. ഇതില്‍ കണക്കില്ലാത്ത പണം നിക്ഷേപിയ്ക്കുന്നവരുമുണ്ട്. ഭണ്ഡാരത്തില്‍ പണമിടുന്നതിനു പിന്നില്‍ ചില വിശ്വാസങ്ങള്‍ ഉണ്ട്. ഭണ്ഡാരത്തില്‍ പണമിടുന്നതിനു പിന്നില്‍ പുരാണങ്ങളില്‍ ഒരു കഥയുണ്ട്.

വിഷ്ണുഭഗവാന്‍ കുബേരന്റെ കയ്യില്‍ നിന്നും പണം വാങ്ങി. ഇതു തിരിച്ചടയ്ക്കാന്‍ വിഷ്ണുവിനെ സഹായിക്കുന്നതിനാണ് ഭണ്ഡാരത്തില്‍ പണമിടുന്നതെന്നതാണ് ഒരു വിശ്വാസം. അതായത്, വിഷ്ണുഭഗവാനെ കടത്തില്‍ നിന്നും മോചിപ്പിയ്ക്കുവാന്‍ ആണ് ഭക്തർ പണമിടുന്നത് എന്ന് സാരം.

ഭണ്ഡാരത്തില്‍ പണമിടുന്നതിലൂടെ നാം ക്ഷണികമായ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടുമെന്ന വിശ്വാസവും നിലവിലുണ്ട്. ഇതോടെ, നമ്മിലെ ചീത്ത ഘടകങ്ങള്‍ മാറുമെന്നും വിശ്വാസമുണ്ട്. അതേസമയം, പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന ചിന്തയോടെ ഭണ്ഡാരത്തില്‍ പണമിടുന്നവരുമുണ്ട്. ദൈവത്തിന് കൈക്കൂലി നല്‍കുന്ന ചിന്താഗതിയെന്നേ ഇതിനെ വിശേഷിപ്പിയ്ക്കാനാകൂ.

പല ക്ഷേത്രങ്ങളും പാവങ്ങളെ സഹായിക്കുന്നുണ്ട്. ഈ പുണ്യപ്രവൃത്തിയ്ക്കുള്ള സഹായമെന്ന നിലയ്ക്കും ഇതിനെ കാണാം. ക്ഷേത്രചിലവുകള്‍ക്കുള്ള പണം കണ്ടെത്താനുള്ള വഴിയാണ് ഭണ്ഡാരങ്ങളെന്നതും ഒരു വാസ്തവമാണ്.