സേമിയയും പാലും കൊണ്ട് അതീവ രുചികരമായ കിടിലൻ പ്രഭാത ഭക്ഷണം


സേമിയയും പാലും കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഈ പലഹാരം വൈകുന്നേരങ്ങളിൽ സ്നാക്സായും രാവിലെ ബ്രേക്ക്ഫാസ്റ്റായും കഴിക്കാൻ വളരെ നല്ലതാണ്. കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന ഈ ഭക്ഷണം ആരോഗ്യകരവുമാണ്.

തയ്യാറാക്കുന്ന വിധം:

ഒരു കപ്പ് പാൽ അടുപ്പിൽ വെച്ച് തിളച്ചുവരുമ്പോൾ ഒരു കപ്പ് വറുക്കാത്ത സേമിയ ചേർത്ത് ഇളക്കുക. അതിനൊപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കുക. പാകത്തിന് വെന്ത് പാൽ വറ്റി വന്ന സേമിയ മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 3 കോഴി മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. നേരത്തെ വേവിച്ചു വെച്ചിട്ടുള്ള സേമിയയെ അടിച്ചു വെച്ച മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക.

പിന്നീട് കുറച്ച് നട്ട്സും,കിസ്മിസും കൂടി ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു സോസ് പാൻ അടുപ്പിലേക്ക് വയ്ക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഓയിൽ ചൂടായി വരുമ്പോൾ കലക്കി വെച്ചിട്ടുള്ള മുട്ട മിക്സിനെ പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് 10 മിനിട്ടോളം ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക.

പലഹാരത്തിൻ്റെ മുകൾ ഭാഗം കുറച്ചുകൂടി വെന്ത് വരേണ്ടതുണ്ട്. അതിനാൽ വേറൊരു പാൻ ചൂടാക്കിയശേഷം അതിലേക്ക് കുറച്ച് ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ പലഹാരത്തിനെ അതിലേക്ക് മറിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും വേവിക്കുക. രണ്ടു ഭാഗവും നല്ലതു പോലെ വെന്തു മൊരിഞ്ഞു വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടയും പാലും കൊണ്ട് തയ്യാറാക്കിയ വളരെ രുചികരമായ ഈ പലഹാരം തയ്യാർ.

കടപ്പാട്: അടുക്കള രുചി